വിവാഹത്തിൽ പങ്കെടുക്കാൻ ബിൽക്കീസ് ബാനു കേസിലെ ഒരു കുറ്റവാളിക്കു കൂടി പരോൾ

അഹ്മദാബാദ്: ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളി രമേശ് ചന്ദനക്ക് പത്തുദിവസത്തെ പരോൾ അനുവദിച്ച് ഗുജറാത്ത് ഹൈകോടതി. മാർച്ച് അഞ്ചിന് നടക്കുന്ന മരുമകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് പുറത്തിറങ്ങുന്നത്.

ജനുവരി 21ലെ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് 11 കുറ്റവാളികൾ ഗോധ്ര ടൗൺ ജയിലിൽ കീഴടങ്ങിയതിന് പിന്നാലെ, ഇത് രണ്ടാമത്തെ ആൾക്കാണ് പരോൾ കിട്ടുന്നത്. 2002ലെ ഗോധ്ര വംശീയ കലാപത്തിൽ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും അവരുടെ ഏഴ് കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്തവരാണ് ജയിലിലുള്ളത്.

ജസ്റ്റിസ് ദിവ്യേഷ് ജോഷിയാണ് പരോൾ അനുവദിച്ചത്. ചന്ദന 2008ൽ ജയിലിലായ ശേഷം 1,198 ദിവസം പരോളിലും 378 ദിവസം അല്ലാതെയും ജയിലിന് പുറത്തായിരുന്നു. ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂല പ്രകാരമുള്ള കണക്കാണിത്. ഫെബ്രുവരി ഏഴിന് പ്രദീപ് മൊധിയ എന്നയാൾക്കാണ് കോടതി അഞ്ചുദിവസത്തേക്ക് പരോൾ അനുവദിച്ചത്.

ഗുജറാത്ത് സർക്കാർ 2022 ആഗസ്റ്റിൽ 11 പേരുടെ ജീവപര്യന്തം അവസാനിപ്പിച്ച് അവരെ മോചിപ്പിക്കുകയായിരുന്നു. എന്നാൽ, ഇത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി ജനുവരി എട്ടിന് വിധി പുറപ്പെടുവിച്ചതോടെയാണ് കുറ്റവാളികൾ വീണ്ടും ജയിലിലായത്.

Tags:    
News Summary - Bilkis Bano case convict gets 10-day parole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.