പറ്റ്ന: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ(എം.എ.ല്‍സി) അംഗത്വം രാജിവെച്ചു. നിതീഷ് കുമാറിന്‍റെ രാജി എം.എൽ.സി ചെയർമാൻ അവധേഷ് സിങും സ്ഥിരീകരിച്ചു. മുഖ്യമന്ത്രി സ്ഥാനം വരുംദിവസങ്ങളിൽ രാജിവെക്കുമെന്നാണ് വിവിരം. മാർച്ച് 16നാണ് നിതീഷ് കുമാർ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ഭരണഘടനയനുസരിച്ച് ഒരാൾക്ക് ഒരേസമയം പാർലമെന്റിലും സംസ്ഥാന നിയമസഭയിലോ കൗൺസിലിലോ അംഗമായിരിക്കാൻ കഴിയില്ല. തെരഞ്ഞെടുക്കപ്പെട്ട് 14 ദിവസത്തിനുള്ളിൽ ഏതെങ്കിലും ഒരു സ്ഥാനം രാജിവെക്കണമെന്ന നിബന്ധന പാലിക്കാനാണ് ഈ നീക്കം. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നയാളാണ് നിതീഷ്കുമാർ.
ജെ.ഡി.യു എം.എൽ.സി സഞ്ജയ് ഗാന്ധിക്കൊപ്പം എത്തിയാണ് മുഖ്യമന്ത്രി രാജിക്കത്ത് സമർപ്പിച്ചത്. രണ്ട് പതിറ്റാണ്ടോളം ബിഹാർ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിനും ബീഹാർ നിയമസഭാംഗത്വം രാജിവെച്ചു. ബാങ്കിപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം രാജ്യസഭാ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2006 മുതൽ എം.എൽ.സി അംഗമാണ് നിതീഷ്കുമാർ. 1985ൽ ഹാർനൗട്ടിൽ നിന്ന് നിതീഷ് ആദ്യമായി നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.