'അന്ധമായ വിശ്വാസം ജീവിതകാലം മുഴുവൻ കണ്ണീരാക്കരുത്'; ഓൺലൈൻ പ്രണയക്കെണികൾക്കെതിരെ മദ്രാസ് ഹൈകോടതി

ചെന്നൈ: സോഷ്യൽ മീഡിയയിലൂടെയും മറ്റ് ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും രൂപപ്പെടുന്ന സൗഹൃദങ്ങളിലും പ്രണയബന്ധങ്ങളിലും യുവതലമുറയും അവരുടെ കുടുംബങ്ങളും അതീവ ജാഗ്രത പുലർത്തണമെന്ന് മദ്രാസ് ഹൈക്കോടതി. അതീവ ഗുരുതരമായ ലൈംഗിക പീഡനക്കേസിലെ പ്രതിയുടെ അപ്പീൽ തള്ളിക്കൊണ്ട് മധുര ബെഞ്ചിലെ ജസ്റ്റിസുമാരായ ആനന്ദ് വെങ്കിടേഷ്, കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പൊതുസമൂഹത്തോടായി ഈ അഭ്യർത്ഥന നടത്തിയത്. ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് കോടതി ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് വഴി പരിചയപ്പെടുകയും പിന്നീട് വാട്സാപ്പിലേക്ക് സൗഹൃദം മാറ്റുകയും ചെയ്ത ഒരു യുവതിയെ വിവാഹ വാഗ്ദാനവും ജോലി വാഗ്ദാനവും നൽകി പീഡിപ്പിച്ച കേസിനെക്കുറിച്ചാണ് കോടതി പരാമർശിച്ചത്. യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കാറിനുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതി ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ രഹസ്യമായി പകർത്തി. തുടർന്ന് ഈ വിഡിയോകൾ കാണിച്ച് ഭീഷണിപ്പെടുത്തി മാസങ്ങളോളം ഇയാൾ യുവതിയെ വീണ്ടും ചൂഷണം ചെയ്യുകയായിരുന്നു. ഈ കേസിൽ പ്രതിക്ക് വിചാരണക്കോടതി വിധിച്ച 'മരണം വരെയുള്ള കഠിനതടവ്' ഹൈകോടതി ശരിവെച്ചു.

പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഇതെന്ന പ്രതിഭാഗത്തിന്റെ വാദത്തെ കോടതി ശക്തമായി എതിർത്തു. വഞ്ചനയിലൂടെയോ തെറ്റിദ്ധരിപ്പിച്ചോ നേടിയെടുക്കുന്ന സമ്മതം ഒരിക്കലും നിയമപരമായി സാധുതയുള്ളതല്ലെന്ന് വ്യക്തമാക്കിയ ജഡ്ജിമാർ, 'പരസ്പര സമ്മതത്തോടെയുള്ള ബന്ധം', 'വഞ്ചനയിലൂടെ കെട്ടിപ്പടുത്ത ബന്ധം' എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ പ്രത്യേകം വിശദീകരിച്ചു.

'പരസ്പരമുള്ള സ്നേഹമോ വിശ്വാസമോ എത്രതന്നെ തീവ്രമാണെങ്കിലും, സ്വകാര്യമായ ചിത്രങ്ങളോ വിഡിയോകളോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഒരിക്കലും മറ്റൊരാളുമായി പങ്കുവെക്കരുത്. അത്തരം ഉള്ളടക്കങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ നിന്ന് ഒരിക്കൽ പുറത്തുപോയാൽ, പിന്നീട് അവ ദുരുപയോഗം ചെയ്യപ്പെടാം. അത് വ്യക്തിയുടെ സ്വകാര്യതയെയും അന്തസ്സിനെയും മാനസികാരോഗ്യത്തെയും ആഴത്തിൽ മുറിവേൽപ്പിക്കും. ദുരന്തം സംഭവിച്ച ശേഷം നിയമവഴിയിലൂടെ നീതി തേടുന്നതിനേക്കാൾ എത്രയോ നല്ലതാണ് മുൻകൂട്ടിയുള്ള ജാഗ്രത' കോടതി പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയുടെ ലാപ്ടോപ്പ് പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പ്രതിയുടെ ലാപ്ടോപ്പിൽ നിന്ന് 355 അശ്ലീല വിഡിയോകളും ആയിരത്തിലധികം ചിത്രങ്ങളുമാണ് പൊലീസ് കണ്ടെടുത്തത്. ഇതിലൂടെ ഡസൻ കണക്കിന് മറ്റ് പെൺകുട്ടികളും സമാനമായ രീതിയിൽ ഈ ചതിക്കുഴിയിൽ വീണിട്ടുണ്ടെന്ന് കോടതി വിലയിരുത്തി.

ക്രൂരവും ഭീകരവുമായ ഇത്തരം ഡിജിറ്റൽ തെളിവുകൾ നിരന്തരം കാണേണ്ടി വരുന്ന ജഡ്ജിമാർ, അഭിഭാഷകർ, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർ അനുഭവിക്കുന്ന കടുത്ത മാനസിക സംഘർഷങ്ങളെക്കുറിച്ചും കോടതി ആശങ്ക രേഖപ്പെടുത്തി. 60 ഓളം കഠിനമായ ലൈംഗിക കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിക്കേണ്ടി വന്ന ഒരു വനിതാ പൊലീസ് ഓഫീസറുടെ ദുരനുഭവം കോടതി വിധിന്യായത്തിൽ എടുത്തുപറഞ്ഞു.

തൊഴിലിന്റെ ഭാഗമാണെന്ന് കരുതി ഇത്തരം കാര്യങ്ങൾ കാണുന്നവർക്ക് മാനസിക സംഘർഷം ഉണ്ടാകില്ലെന്ന് കരുതുന്നത് തെറ്റാണ്. നീതിന്യായ വ്യവസ്ഥയിലും പൊലീസ് വകുപ്പിലും പ്രവർത്തിക്കുന്നവർക്ക് കൃത്യമായ മാനസികാരോഗ്യ കൗൺസിലിങ് ഉറപ്പാക്കണമെന്നും, അശ്ലീല ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരെ കൃത്യമായ ഇടവേളകളിൽ മറ്റ് തസ്തികകളിലേക്ക് മാറ്റണമെന്നും, അവർക്കായി പ്രത്യേക ട്രോമ കെയർ പരിശീലനം നൽകണമെന്നും കോടതി ശുപാർശ ചെയ്തു.

Tags:    
News Summary - Madras HC’s appeal on online relationships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.