ബംഗളൂരു: ഗൂഗിൾ മാപ്പ് നോക്കി ഗോവയിലേക്ക് പോയ കുടുംബം എത്തിയത് കർണാടകയിലെ കൊടുംവനത്തിൽ. ബിഹാറിൽനിന്ന് ഗോവയിലേക്ക് പോയ കുടുംബമാണ് കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഖാനാപൂരിലെ ഭീംഗഡ് വനമേഖലയിൽ കുടുങ്ങിയത്.
വഴി തെറ്റി കാട്ടിലെത്തിയ കുടുംബത്തിന് ഒരുരാത്രി മുഴുവൻ കാറിനുള്ളിൽ കഴിയേണ്ടി വന്നു. ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കുടുംബം എളുപ്പത്തിൽ എത്താനായി ഷിരോലിക്കും ഹെമ്മദാഗക്കും സമീപമുള്ള വനത്തിനുള്ളിലെ ഒരു ചെറിയ ഊടുവഴിയിലേക്ക് കയറി. അപകടസാധ്യതകളെക്കുറിച്ച് അറിയാതെ കുടുംബം എട്ട് കിലോ മീറ്ററോളം വനത്തിനുള്ളിലൂടെ പോയി.
ദുർഘടമായ ഭൂപ്രദേശത്തിലൂടെ ഏറെനേരം സഞ്ചരിച്ചു. ഇതിനിടെ മൊബൈൽ നെറ്റ്‌വർക്ക് നഷ്ടമായതോടെ കുടുംബം പരിഭ്രാന്തരായി. വനത്തിൽനിന്ന് പുറത്തുകടക്കാനുള്ള വഴി വ്യക്തമാകാതെ വന്നതോടെ രാത്രി കാറിൽ തന്നെ ചെലവഴിക്കാൻ കുടുംബം നിർബന്ധിതരായി. തൊട്ടടുത്ത ദിവസം പുലർച്ചെ നാലു മീറ്ററോളം നടന്നാണ്
മൊബൈൽ നെറ്റ്‌വർക്ക് കവറേജുള്ള ഒരു ലൊക്കേഷൻ കണ്ടെത്തിയത്. എമർജൻസി ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെട്ടതോടെയാണ് കുടുംബത്തിന് വനത്തിൽനിന്ന് പുറത്തുകടക്കാനുള്ള വഴി തെളിഞ്ഞത്. ഇതിനിടെ ലോക്കൽ പൊലീസ് ഒറ്റപ്പെട്ടുപോയ കുടുംബത്തെ കണ്ടെത്തി സുരക്ഷിതമായി വനത്തിന് പുറത്തെത്തിച്ചു. ഗുരുഗ്രാമിൽനിന്ന് ബറേലിയിലേക്ക് ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് കുടുംബം യാത്ര തിരിച്ചത്.
കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ ഗൂഗിൾ മാപ്പ് നോക്കി പോയ കുടുംബത്തിന്‍റെ കാർ നിർമാണത്തിലിരിക്കുന്ന പാലത്തിൽനിന്ന് നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.