ബിഹാർ തെരഞ്ഞെടുപ്പ്: ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകും, ബി.ജെ.പി മൂന്നാമത്; പുതിയ സർവേഫലം പുറത്ത്

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആക്സിസ് മൈ ഇന്ത്യയുടെ സർവേഫലം പുറത്ത്. സർവേ പ്രകാരം തേജസ്വി യാദവിന്റെ ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. 67 മുതൽ 76 വരെ സീറ്റുകൾ ആർ.ജെ.ഡിക്ക് ലഭിക്കും. നിതീഷ് കുമാറിന്റെ ജെ.ഡി.യു ആയിരിക്കും രണ്ടാമത്. 56 മുതൽ 62 വരെ സീറ്റുകളാവും അവർക്ക് ലഭിക്കുക. ബി.ജെ.പിയായിരിക്കും മൂന്നാമതെത്തുക 50 മുതൽ 56 സീറ്റ് വരെയായിരിക്കും നേടുക.

കോൺഗ്രസ് 17 മുതൽ 21 വരെ സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു. എന്നാൽ, 121 മുതൽ 141 വരെ സീറ്റുകൾ നേടി എൻ.ഡി.എ ഭരണം നിലനിർത്തുമെന്നും സർവേ പ്രവചിക്കുന്നു. 98 മുതൽ 118 വരെ സീറ്റുകളാവും മഹാഗഡ്ബന്ധന് ലഭിക്കുക. പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടി, അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ പൂജ്യം മുതൽ രണ്ട് സീറ്റുകളിൽ വിജയിക്കുമെന്നും സർവേ പറയുന്നു.

എക്സിറ്റ് പോളിൽ ജൻസുരാജിന് പൂജ്യം; മഹാസഖ്യത്തിന്റെ അത്താഴം മുടക്കി; വോട്ട് ഷെയറിൽ കോൺഗ്രസിനെയും തോൽപിക്കുമെന്ന് സർവേ ഫലം

പട്ന: വോട്ട് ബട്ടണുകൾ അമരും മുമ്പത്തെ മുന്നറിയിപ്പുകളെല്ലാം ശരിവെക്കുന്നതാണ് ബിഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങൾ. ഒമ്പത് എക്സിറ്റ് പോൾ റിപ്പോർട്ടുകളിലും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ബി.ജെ.പിയും നയിക്കുന്ന എൻ.ഡി.എ സഖ്യം അധികാരം നിലനിർത്തുമെന്ന് പ്രവചിക്കുന്നു.

അതേസമയം, ശക്തമായ ഭരണ വിരുദ്ധ വികാരത്തെ ഊർജമാക്കി ആർ.ജെ.ഡിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുകയും ചെയ്യുന്നു. ഒരു എക്സിറ്റ് പോളിലും ​മഹാസഖ്യത്തിന് അനുകൂലാമായൊരു പ്രവചനമില്ല. എൻ.ഡി.എ സഖ്യത്തിന് 150 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് മിക്ക ഫലങ്ങളും നൽകുന്ന സൂചന. അധികാരത്തിലേക്കുള്ള തിരിച്ചുവരവ് ഉറപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ മഹാസഖ്യം 90 വരെ സീറ്റുകളിൽ ഒതുങ്ങും. ചാണക്യ, പിപ്പിൾസ് ഇൻസൈറ്റ്, പീപ്പിൾ പൾസ് എന്നിവ മാത്രമാണ് മഹാസഖ്യത്തിന് 100ൽ ഏറെ സീറ്റ് പ്രവചിക്കുന്നത്. എന്നാൽ, കേവല ഭൂരിപക്ഷത്തിനുള്ള മാജിക് നമ്പറിൽ എത്തില്ലെന്നും ഉറപ്പിക്കുന്നു.

ദൈനിക് ഭാസ്കർ, മാട്രിസ്, പീപ്പിൾസ് ഇൻസൈറ്റ്, പീപ്പിൾസ് പൾസ്, ജെ.വി.സി, പി മാർഗ്, ചാണക്യ സ്ട്രറ്റജീസ്, ഡി.വി റിസേർച്ച്, ടിഫ് റിസേർച്ച് എന്നിവയുടെ നേതൃത്വത്തിലുള്ള തുടങ്ങിയ ഏജൻസികളുടെയെല്ലാം ​സർവേ ഫലങ്ങൾ എൻ.ഡി.എക്ക് അനുകൂലമായാണ് പ്രവചിക്കുന്നത്.

അതേസമയം, മുൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനിൽ നിന്ന് രാഷ്ട്രീയകാരനായി വേഷമണിഞ്ഞ ജൻസുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ വിധിനിർണയത്തിൽ വലിയ സ്വാധീന ശക്തിയായെന്ന് വിലയിരുത്തുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങളിൽ പൂജ്യം മുതൽ പരമാവധി നാല്-അഞ്ച് സീറ്റുവരെയാണ് ജൻ സുരാജിന് പ്രവചിക്കുന്നത്. എന്നാൽ, വോട്ട് ഓഹരിയിൽ ‘ബിഗ് ഇംപാക്ട്’ സൃഷ്ടിക്കുമെന്ന് വിവിധ സർവേ ഫലങ്ങൾ സൂചന നൽകുന്നു. ഏറ്റവും കൂടുതൽ സീറ്റുകളിൽ ഒറ്റക്ക് മത്സരിച്ച പാർട്ടിയാണ് ജൻസുരാജ്. 243 സീറ്റുകളുള്ള സംസ്ഥാനത്ത് 238 സീറ്റുകളിലാണ് പ്രാശാന്ത് കിഷോറിന്റെ പാർട്ടി മത്സരിച്ചത്. വിജയ സാധ്യതയുള്ള സീറ്റുകളുടെ എണ്ണം വിരലിലെണ്ണാവുന്നതാണെങ്കിലും വിവിധ മണ്ഡലങ്ങളിൽ മഹാസഖ്യത്തിന്റെ വിജയ സാധ്യത തടയാൻ ജൻ സുരാജിന്റെ വോട്ട് പിടിത്തത്തിന് കഴിഞ്ഞു.

പീപ്പിൾസ് പൾസ് റിപ്പോർട്ട് പ്രകാരം എൻ.ഡി.എക്ക് 46.2ശതമാനവും മഹാസഖ്യത്തിന് 37 ശതമാനവുമാണ് വോട്ട്. 9.6 ശതമാനം ജൻ സുരാജ് പാർട്ടി സ്വന്തമാക്കുമെന്ന് പ്രവചിക്കുമ്പോൾ 2020ൽ ​കോൺഗ്രസ് നേടിയ ആകെ വോട്ടുകളേക്കാൾ കൂടുതലാണിത്.

പോൾസ്റ്റർ പ്രവചന പ്രകാരം, ആർ.ജെ.ഡിക്ക് 23.3 ശതമാനവും, ബി.ജെ.പിക്ക് 21.4 ശതമാനവും, ജെ.ഡി.യുവിന് 17.6 ശതമാനവും ജൻ സുരാജിന് 9.7 ശതമാനവും, കോൺഗ്രസിന് 8.7 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തുന്നത്.

ബി.ജെ.പി-ജെ.ഡി.യുവിനെതിരായ ഭരണവിരുദ്ധ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ ജൻ സുരാജ് പാർട്ടിയുടെ സാന്നിധ്യം വഴിവെച്ചുവെന്ന് എക്സിറ്റ് പോളുകൾ വെളിപ്പെടുത്തുന്നു. ഒരു വർഷം മുമ്പ് പാർട്ടി രൂപീകരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ, രാഷ്ട്രീയ നിരീക്ഷകർ നൽകിയ മുന്നറിയിപ്പുകൾ ശരിവെക്കും വിധമാണ് ജൻ സുരാജിന്റെ പ്രകടനം.

പീപ്പിൾസ് പൾസ് 0-5 സീറ്റ് വരെയും, ദൈനിക് ഭാസ്കർ 0-3 സീറ്റും, പീപ്പ്ൾസ് ഇൻസൈറ്റ് 0-2 സീറ്റും, മാട്രിസ് 0-2 സീറ്റും, ജെ.വി.സി 0-1 സീറ്റുമാണ് ജൻ സുരാജിന് ​പ്രവചിക്കുന്നത്. ചാണക്യ, ടിഫ് റിസേർച്ച് എന്നിവർ ഒരു സീറ്റും നേടില്ലെന്നും പ്രവചിക്കുന്നു.

കഴിഞ്ഞ തെര​ഞ്ഞെടുപ്പ് പോലെ തന്നെ നിസ്സാരമായ വോട്ടിനായിരിക്കും വിവിധ മണ്ഡലങ്ങളിലെ വിധി നിർണയമെന്നുറപ്പിക്കുന്നതാണ് സർവേ ഫലങ്ങൾ. അങ്ങിനെയെങ്കിൽ, ജൻ സുരാജ് തന്നെയാവും മഹാസഖ്യത്തിന്റെ അത്താഴം മുടക്കുന്നത്.

Tags:    
News Summary - Bihar election: Axis My India projects comfortable win for NDA with 121-141 seats, Tejashwi top choice for CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.