കോൺഗ്രസിന്റെ ദേശീയ നേതാവായി ഉയർന്ന മുഹമ്മദ് ജാവേദ് എം.പിയുടെ തട്ടകമായ കിഷൻഗഞ്ച് നിയമസഭ മണ്ഡലം ഇത്തവണ ബി.ജെ.പി പിടിക്കുമോ എന്നാണ് സീമാഞ്ചൽ ഉറ്റുനോക്കുന്നത്. കോൺഗ്രസിന്റെ ഉറച്ച സീറ്റ് എന്ന് കരുതപ്പെട്ടിരുന്ന കിഷൻഗഞ്ച് നിയമസഭ മണ്ഡലത്തിൽ ഉവൈസി തരംഗം അതിജയിച്ച സിറ്റിങ് എം.എൽ.എ ഇസ്ഹാർ ഹുസൈന് സീറ്റ് നൽകാതെ കോൺഗ്രസ് മുഹമ്മദ് ഖമറുൽ ഹുദയെ ആണ് സ്ഥാനാർഥിയാക്കിയത്.
രണ്ടാം സ്ഥാനത്തുവന്ന ബി.ജെ.പി സ്ഥാനാർഥി സ്വീറ്റി സിങ്ങിനേക്കാള്‍ നേരിയ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് അന്ന് രക്ഷപ്പെട്ടത്. മൂന്നാം സ്ഥാനത്തെത്തിയ എം.ഐ.എം ഇത്തവണ ശംസ് ആഗാസിനെ നിർത്തിയപ്പോൾ അന്നത്തെ എം.ഐ.എം സ്ഥാനാർഥി മുഹമ്മദ് ഇസ്ഹാഖ് ആലം പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടി സ്ഥാനാർഥിയായി.
ആം ആദ്മി പാർട്ടി അശ്റഫ് ആലത്തെയും അത്രയൊന്നും പറഞ്ഞുകേൾക്കാത്ത ജനശക്തി ജനതാദൾ ഇസ്ഹാഖ് ആലത്തെയും സ്ഥാനാർഥികളാക്കിയിട്ടുണ്ട്. ഇവർക്കുപുറമേ സ്വതന്ത്രരായി മത്സരിക്കുന്ന രണ്ട് മുസ്‍ലിം സ്ഥാനാർഥികൾ കൂടി വോട്ടുപിടിക്കുന്നതോടെ നേരിയ വോട്ടിന് സീറ്റ് നഷ്ടപ്പെട്ട സ്വീറ്റി സിങ് ഇത്തവണ ജയിക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
കോൺഗ്രസ്, എം.ഐ.എം സ്ഥാനാർഥികളിൽ ഒരാളെ പിന്തിരിപ്പിക്കാൻ മുസ്‍ലിം നേതാക്കൾ നടത്തിയ ശ്രമങ്ങളെല്ലാം പാഴായതോടെ കടുത്ത മത്സരമാണ് കിഷൻഗഞ്ചിൽ. ഈ മത്സരത്തിനിടയിൽ പട്ടണത്തിൽ തങ്ങൾക്കുള്ള ശക്തമായ വോട്ടുകൊണ്ട് ജയിക്കാമെന്നാണ് സ്വീറ്റിയുടെ പ്രതീക്ഷ. ഇതാണ് സീമാഞ്ചലിലെ മുസ്‍ലിം വോട്ടർമാരുടെ ആശങ്കയും.
സീമാഞ്ചലിൽ മുസ്‍ലിംകൾ ജയപരാജയം തീരുമാനിക്കുന്നിടങ്ങളിൽ എൻ.ഡി.എ പ്രതീക്ഷ പുലർത്തുന്ന കിഷൻഗഞ്ച് ജില്ലയിലെ മറ്റൊരു മണ്ഡലമായ കോച്ചാദാമനിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജെ.ഡി.യുവിൽനിന്ന് കൂറുമാറിയ മാസ്റ്റർ മുജാഹിദ് ആലമാണ് ആർ.ജെ.ഡി സ്ഥാനാർഥി. ആർ.ജെ.ഡിയുടെ സ്ഥാനാർഥിത്വം നഷ്ടപ്പെട്ട സർവർ ആലം അതോടെ പാർട്ടി മാറി എം.ഐ.എം സ്ഥാനാർഥിയായി.
മണ്ഡലത്തിൽ എം.ഐ.എമ്മും ആർ.ജെ.ഡിയും മത്സരം മുറുകിയതോടെ കണ്ണുവെച്ചിരിക്കുകയാണ് ബി.ജെ.പിയുടെ ബീനാ ദേവി. ജൻസുരാജ് പാർട്ടിക്കായി അബു അഫ്ഫാൻ ഫാറൂഖും സ്വതന്ത്രനായി മുഹമ്മദ് ശംസുൽ ഹഖും പിടിക്കുന്നതത്രയും ബീനാ ദേവിക്ക് മെച്ചം.
ബഹദൂർ ഗഞ്ചിൽ നാലുതവണ കോൺഗ്രസ് എം.എൽ.എ ആവുകയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് തോൽവി ഏറ്റുവാങ്ങുകയും ചെയ്ത കോൺഗ്രസ് നേതാവ് തൗസീഫ് ആലം കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഇത്തവണ പാർട്ടി മാറി എം.ഐ.എം സ്ഥാനാർഥിയായി.
കഴിഞ്ഞതവണ എം.ഐ.എം സ്ഥാനാർഥിയായി ജയിച്ച കോൺഗ്രസ് പശ്ചാത്തലമുള്ള ഇസ്ഹാർ അസ്ഫി കൂറുമാറി ആർ.ജെ.ഡിയിൽ ചേർന്നതിനെ തുടർന്നാണിത്. ഇത്തവണ മുഹമ്മദ് മസാവർ ആലത്തിനാണ് കോൺഗ്രസിന്റെ ടിക്കറ്റ്. ഇവിടെ എൻ.ഡി.എ സ്ഥാനാർഥിയായി എൽ.ജെ.പിയുടെ മുഹമ്മദ് കലീമുദ്ദീനും മുസ്‍ലിം വോട്ട് ലക്ഷ്യമിടുന്നതിനുപുറമെ ആം ആദ്മി പാർട്ടിയുടെ മുഹമ്മദ്റാസ അടക്കം മറ്റു അഞ്ച് മുസ്‍ലിം സ്ഥാനാർഥികൾ കൂടിയുണ്ട്.
എം.ഐ.എം ബിഹാർ സംസ്ഥാന പ്രസിഡന്റും കഴിഞ്ഞതവണ ജയിച്ചിട്ട് കൂറുമാറാതെ പാർട്ടിക്കൊപ്പം നിന്ന ഏക എം.എൽ.എയുമായ അഖ്തറുൽ ഈമാൻ അഗ്നിപരീക്ഷയാണ് ഇക്കുറി തന്റെ മണ്ഡലമായ അമോറിൽ നേരിടുന്നത്. മുമ്പ് ആർ.ജെ.ഡിയിലും ജെ.ഡി.യുവിലും പ്രവർത്തിച്ച ശേഷം എം. ഐ.എമ്മിലെത്തിയ ഈമാന്റെ കഴിഞ്ഞ തവണത്തെ പ്രചാരണവേളയിൽ അസദുദ്ദീൻ ഉവൈസി നൽകിയ മെഡിക്കൽ കോളജ് അടക്കമുള്ള വാഗ്ദാനങ്ങൾ നടപ്പാക്കാത്തതാണ് ഇപ്പോൾ അഖ്തറിന് വിനയായത്.
കഴിഞ്ഞതവണ കിഷൻഗഞ്ചിൽ വന്ന പുറത്തുള്ളയാളാണ് അഖ്തർ എന്ന പ്രചാരണത്തെ അടുത്ത തവണ മണ്ഡലത്തിൽ തന്നെയുള്ള സ്ഥാനാർഥിയെ നിർത്തുമെന്ന് പറഞ്ഞാണ് ഉവൈസി നേരിട്ടിരുന്നത്. എന്നാൽ, ആ വാക്കും ഉവൈസി പാലിച്ചില്ലെന്ന് എതിരാളികൾ ചൂണ്ടിക്കാട്ടുന്നു.
ജോക്കിഹട്ട് ആണ് എം.ഐ.എം ജയിച്ച മറ്റൊരു മണ്ഡലം. ഇവിടെ ജയിച്ച ആർ.ജെ.ഡി നേതാവ് തസ്‍ലീമുദ്ദീന്റെ മകനും മുൻ എം.എൽ.എയുമായ ഷാനവാസ് കഴിഞ്ഞതവണ എം.ഐ.എം സ്ഥാനാർഥിയായി ജയിച്ച് കൂടുമാറിയതാണ്. ഷാനവാസ് തോൽപിച്ചത് സ്വന്തം സഹോദരനായ സർഫറാസിനെയായിരുന്നു. കഴിഞ്ഞതവണ അനിയനോട് തോറ്റ സർഫറാസ് ഇക്കുറി പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി സ്ഥാനാർഥിയായി.
എൻ.ഡി.എ സ്ഥാനാർഥിയായി ജെ.ഡി.യുവിന്റെ മൻസർ ആലവുമുണ്ട്. എം.ഐ.എം, ബി.എസ്.പി കൂടാതെ ഭാരതീയ മൂമിൻ ഫ്രണ്ട്, രാഷ്ട്രീയ ജനസംഭാവന പാർട്ടി എന്നിവയുടെയും മുസ്‍ലിം സ്ഥാനാർഥികളുണ്ട്. അതോടെ എൻ.ഡി.എ സ്ഥാനാർഥിക്ക് ജയസാധ്യതയുള്ള മണ്ഡലമായി ജോക്കി ഹട്ട് മാറി.
മണ്ഡലത്തിന് ഒന്നും ചെയ്യാത്ത, കാലങ്ങളായി സീറ്റുകൾ കുത്തകയാക്കി പരമ്പരാഗത നേതാക്കളോടുള്ള ജെൻ സിയുടെ രോഷമാണ് സീമാഞ്ചലിലെ എം.ഐ.എം വളർച്ചക്ക് പിന്നിലെന്ന് മനസ്സിലാക്കാതെയാണ് മഹാസഖ്യത്തിന്റെ കളി. പുർണിയയിലെ ബായ്സി മണ്ഡലത്തിൽ ആർ.ജെ.ഡി സ്ഥാനാർഥിയായി നിന്ന് എം.ഐ.എം സ്ഥാനാർഥിയായ റുക്നുദ്ദീനോട് തോറ്റ വയോധികനായ 72കാരൻ അബ്ദു സുബ്ഹാനെ തന്നെയാണ് ഇക്കുറിയും ആർ.ജെ.ഡി ഇറക്കിയിരിക്കുന്നത്. ആറ് തവണ എം.എൽ.എ ആയിട്ടും പാർലമെൻററി മോഹം തീരാത്ത അബ്ദുസുബ്ഹാനെ കഴിഞ്ഞ തവണ ജനം തള്ളിയതാണെന്ന കാര്യം പോലും ആർ.ജെ.ഡി വിസ്മരിച്ചു.
അന്ന് ജയിച്ച റുക്നുദ്ദീൻ കൂറുമാറി ആർ.ജെ.ഡിയിൽ ചേർന്നതിനാൽ ഗുലാം സർവറാണ് ഇക്കുറി എം.ഐ.എം സ്ഥാനാർഥി. ഹിന്ദു, മുസ്‌ലിം വോട്ടുകൾ സമാസമമായ ഠാക്കൂർഗഞ്ചിൽ മുൻ കോൺഗ്രസ് എം.പി അസ്റാറുൽ ഹഖ് ഖാസിമിയുടെ മകൻ സുഊദ് ആലം നദ്‍വി എന്ന സിറ്റിങ് എം.എൽ.എയാണ് ഇക്കുറിയും ആർ.ജെ.ഡി സ്ഥാനാർഥി. മൂന്നാം സ്ഥാനത്തായിരുന്ന എം.ഐ.എം ഗുലാം ഹസ്നൈനെ സ്ഥാനാർഥിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.