ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖാവരണം മാറ്റിയ യുവതി ഡോക്ടർ ജോലിക്കെത്തിയില്ല. ഇതുവരെയായിട്ടും യുവതി ഡോക്ടറായി ജോലി പ്രവേശിപ്പിച്ചില്ല. ബിഹാർ ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർ ജോലിക്കുള്ള അപ്പോയിൻമെന്റ് ലെറ്റർ വിതരണം ചെയ്യുന്നതിനിടെയാണ് നിതീഷ് കുമാർ മുഖാവരണം മാറ്റിയത്.
ആയുഷ് ഡോക്ടർ നുസ്രത് പർവീൺ ശനിയാഴ്ച രാത്രി ഏഴ് മണി വരെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പട്ന സിവിൽ സർജൻ അവിനാശ് കുമാർ പറഞ്ഞു. ഡിസംബർ 20 ആയിരുന്നു ജോലിയിൽ പ്രവേശിക്കാനുള്ള അവസാന തീയതി. ഇത് പിന്നീട് നീട്ടി. യുവതിക്ക് ഇനി തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കുമോയെന്നതിൽ തനിക്ക് ഒരു വ്യക്തതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. സബലൽപൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ പർവീൺ ജോലിയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവിൽ അപ്പോയിൻമെന്റ് ലെറ്റർ ലഭിച്ച ആറോളം പേർ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.
പുതുതായി നിയമിതരായ ആയുഷ് ഡോക്ടർമാർക്ക് നിയമന കത്തുകൾ നൽകുന്ന സർക്കാർ പരിപാടിക്കിടെയാണ് ഡോക്ടർ നുസ്രത്ത് പർവീന്റെ മുഖാവരണം മാറ്റാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ശ്രമിച്ചത്. നിയമന ഉത്തരവ് കൈമാറാൻ ഡോക്ടറെ വേദിയിലേക്ക് വിളിച്ചു വരുത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ നിതീഷ് കുമാറിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.
ഹിജാബ് ധരിച്ച ഡോക്ടർ കത്ത് വാങ്ങാൻ വേദിയിൽ കയറിയപ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാർ അവരെ നോക്കി 'ഇത് എന്താണ്' എന്ന് ചോദിക്കുകയും അൽപം കുനിഞ്ഞ് നിഖാബ് പിടിച്ച് വലിക്കുകയുമായിരുന്നു. പരിഭ്രാന്തയായ ഡോക്ടറെ സമീപം നിന്നിരുന്ന ഉദ്യോഗസ്ഥ തിടുക്കത്തിൽ മാറ്റിനിർത്തി. അതിനിടെ, നിതീഷ് കുമാറിന്റെ അരികിൽ നിന്നിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷിന്റെ കൈയിൽ പിടിച്ച് പിന്തിരിപ്പിക്കാനും ശ്രമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.