മകനാരാ മോൻ- ബിഹാര്‍ മുഖ്യമന്ത്രിയുടെ മകൻ അദ്ദേഹത്തെക്കാള്‍ അഞ്ചിരട്ടി ധനികൻ

പറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ മകൻ അദ്ദേഹത്തെക്കാള്‍ അഞ്ചിരട്ടി ധനികൻ. 75.36 ലക്ഷം രൂപയുടെ ആസ്തിയാണ് നിതീഷ് കുമാറിന്‍റെ പേരിലുള്ളത്. മകൻ നിഷാന്തിന്‍റെ പേരിൽ ഇതിന്‍റെ അഞ്ചിരട്ടി ആസ്തിയും. ഡിസംബർ 31ന്​ ബിഹാർ സർക്കാറിന്‍റെ വെബ്സൈറ്റിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആസ്തി വിവരങ്ങൾ വെളിപ്പെടുത്തിയതിലാണ്​ ഈ വിവരങ്ങളുള്ളത്​.

വെബ്​സൈറ്റ്​ പ്രകാരം നിതീഷ് കുമാറിന്‍റെ കൈയിൽ 29,385 രൂപ പണമായും 42,763 രൂപ ബാങ്കിൽ നിക്ഷേപമായിട്ടും ഉണ്ട്. 16.51 ലക്ഷത്തിന്‍റെ ജംഗമ വസ്തുക്കൾ, 58.85 ലക്ഷത്തിന്‍റെ സ്ഥാവര സ്വത്തുക്കൾ എന്നിവയും അദ്ദേഹത്തിനുണ്ട്​. 1.45 ലക്ഷം രൂപ വിലവരുന്ന കന്നുകാലികളും മുഖ്യമന്ത്രിക്കുണ്ട്​. അതേസമയം, നിതീഷ് കുമാറിന്‍റെ മകൻ നിഷാന്തിന്‍റെ പേരിൽ, 16,549 രൂപ പണമായും 1.28 കോടി ബാങ്കിൽ സ്ഥിര നിക്ഷേപവും 1.63 കോടിയുടെ ജംഗമ വസ്തുക്കളും 1.98 കോടിയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്​.

ന്യൂഡൽഹിയിലെ ദ്വാരകയിൽ കോഓപറേറ്റീവ്​ ഹൗസിങ്​ സൊസൈറ്റിയിൽ നിതീഷ്​ കുമാറിന്​ ഫ്ലാറ്റുണ്ട്​. നളന്ദ ജില്ലയിലെ കല്യാൺ ബിഘയിലും ഹക്കീകത്​പുരിലും പറ്റ്​നയിലെ കങ്കർബാഗിലും നിഷാന്തിന്​ കാർഷിക ഭൂമിയും വീടുകളുമുണ്ട്​.

നിതീഷ് കുമാർ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും തങ്ങളുടെ സ്വത്ത് വിവരങ്ങൾ വർഷാവസാനം പുറത്തുവിടണമെന്ന്​ സർക്കാർ നിർബന്ധമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ വെബ്​സൈറ്റിൽ ഈ വിവരങ്ങൾ അപ്​ലോഡ്​ ചെയ്തത്​.

മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാൾ ധനികരാണ്. വി.ഐ.പി (വികാസ്​ശീൽ ഇൻസാൻ പാർട്ടി) സ്ഥാപകൻ മുകേഷ് ശഹാനിയാണ് മന്ത്രിസഭയിലെ ഏറ്റവും ധനികൻ. മൃഗസംരക്ഷണ-ഫിഷറീസ്​ മന്ത്രിയായ അദ്ദേഹത്തിന്‍റെ ബാങ്ക്​ നിക്ഷേപം 23 ലക്ഷമാണ്. ഏഴ്​ കോടിയിലേറെ രൂപ വിലമതിക്കുന്ന മൂന്ന്​ ആസ്തികൾ അദ്ദേഹത്തിന്​ മുംബൈയിൽ ഉണ്ട്​. 

Tags:    
News Summary - Bihar CM Nitish Kumar's son Nishant 5 times richer than him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.