48 ആഡംബര വാച്ചുകൾ, നോട്ടുകെട്ടുകൾ, സ്വർണാഭരണങ്ങൾ; ബിഹാറിൽ സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
പട്ന: ബിഹാറിൽ സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കോടികളുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു. ഒരു കോടിയോളം രൂപ, സ്വർണാഭരണങ്ങൾ, 48 ആഡംബര വാച്ചുകൾ, കണക്കിൽപെടാത്ത മറ്റ് സമ്പാദ്യങ്ങൾ എന്നിവയാണ് പരിശോധനയിൽ കണ്ടെത്തിയത്. പട്നയിലെ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (സപ്ലൈ) രവീന്ദ്ര കുമാർ ദിവാകർ, ദാനാപ്പൂരിലെ ജില്ലാ സബ്-രജിസ്‌ട്രാർ ആയ ഭാര്യ കുമാരി സ്വീറ്റി എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. ഇവർ നിലവിൽ താമസിക്കുന്ന പട്നയിലെ വീട്ടിലും ബെഗുസരായിയിലെ കുടുംബവീട്ടിലും ഒരേസമയമാണ് ബിഹാർ വിജിലൻസ് സംഘം റെയ്ഡ് നടത്തിയത്. പട്നയിലെ വീട്ടിൽ നിന്ന് 70 ലക്ഷം രൂപയും ആറ് ലക്ഷം രൂപ വിലമതിക്കുന്ന 48 ആഡംബര വാച്ചുകളും കണ്ടെടുത്തു. ബെഗുസരായിയിലെ വീട്ടിൽ നിന്ന് ഒമ്പത് ലക്ഷം രൂപയും സ്വർണ-വെള്ളി ആഭരണങ്ങളുമാണ് പിടിച്ചെടുത്തത്. നോട്ടെണ്ണുന്ന യന്ത്രം ഉൾപ്പെടെ എത്തിച്ചായിരുന്നു പരിശോധന. ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, മറ്റ് സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും സംഘം പിടിച്ചെടുത്തിട്ടുണ്ട്.
ഇതിന് പുറമെ രവീന്ദ്ര കുമാർ ദിവാകറിന്റെയും ഭാര്യയുടെയും പേരിൽ പട്നയിൽ 1.07 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്ലാറ്റുകൾ വാങ്ങിയതിന്റെ രേഖകളും കണ്ടെത്തി. ഭാര്യയുടെയും ദിവാകറിന്റെ പിതാവിന്റെയും പേരിൽ 1.28 കോടി രൂപ വിലമതിക്കുന്ന മൂന്ന് പ്ലോട്ടുകളും പട്നയിലുണ്ട്. വിജിലൻസ് ഡി.ഐ.ജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു റെയ്ഡ്. പിടിച്ചെടുത്ത സ്വത്തുക്കളുടെയും സ്വർണാഭരണങ്ങളുടെയും കൃത്യമായ മൂല്യം തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും, പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.