ഫയൽ ചിത്രം

തെരഞ്ഞെടുപ്പ് കമീഷനിലേക്ക് ചൊവ്വാഴ്ച പ്രതിപക്ഷ എം.പിമാരുടെ മാർച്ച്; സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ച് 'ഇൻഡ്യ' സഖ്യം

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ മറയാക്കി രാജ്യത്ത് വൻതോതിൽ വോട്ട് മോഷണം നടക്കുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഉടനടി രാജി വെക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് 'ഇൻഡ്യ' മുന്നണി. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനം (എസ്.ഐ.ആർ), ഇ.വി.എം തിരിമറി, കമീഷനകത്തെ ഭിന്നതകൾ എന്നിവ ചർച്ച ചെയ്യാൻ ന്യൂഡൽഹിയിൽ ചേർന്ന മുന്നണി നേതൃയോഗത്തിന് ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാക്കൾ കടുത്ത പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചത്.

ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 'സേവ് ഡെമോക്രസി' മാർച്ചുകൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു. ഒക്ടോബർ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ നിർവാചൻ സദനിലേക്ക് പ്രതിപക്ഷ എം.പിമാർ ഒന്നിച്ച് മാർച്ച് നടത്തും. ഒക്ടോബർ രണ്ടാം വാരത്തിൽ രാഷ്ട്രപതിയെ കണ്ട് കമീഷന്റെ വഴിവിട്ട പ്രവർത്തനങ്ങളും വോട്ടർമാരെ വെട്ടിനിരത്തിയ നടപടികളും ബോധ്യപ്പെടുത്തുമെന്നും പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ഖാർഗെ വ്യക്തമാക്കി. 

'ഗ്യാനേഷ് കുമാർ വലിയ കള്ളൻ, ജനങ്ങളുടെ അവകാശം കവർന്നു': മമതാ ബാനർജി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ രാജ്യത്ത് നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ നേതാവുമായ മമതാ ബാനർജി ആഞ്ഞടിച്ചു. കേന്ദ്ര സർക്കാരും കമ്മീഷനും ചേർന്ന് ഇന്ത്യൻ ജനതയുടെ ജനാധിപത്യപരമായ വോട്ടവകാശം കവർന്നെടുക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി.

"ഗ്യാനേഷ് കുമാർ വലിയ കള്ളനാണ് . വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കുന്ന കമീഷന്റെ സോഫ്റ്റ്‌വെയർ സംഘം പൊതുജനങ്ങളെ പച്ചയായി വഞ്ചിച്ചു. ഇ.വി.എമ്മിൽ വലിയ തോതിൽ തിരിമറികൾ നടന്നു. ഒരൊറ്റ നിമിഷം പോലും ഈ കസേരയിലിരിക്കാൻ അദ്ദേഹത്തിന് അർഹതയില്ല, ഗ്യാനേഷ് കുമാർ ഉടൻ രാജി വെക്കണം."

— മമതാ ബാനർജി വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.

"ജനാധിപത്യത്തേക്കാൾ വലിയവരായി ആരുമില്ല, പിന്നോട്ടില്ല": രാഹുൽ ഗാന്ധി

ഇന്ത്യൻ ജനാധിപത്യത്തേക്കാൾ വലിയവരായി ഈ രാജ്യത്ത് ആരുമില്ലെന്നും ഭരണഘടനയും വോട്ടവകാശവും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രതയെ ഭരണകൂടം തകർക്കുമ്പോൾ നിശബ്ദരായിരിക്കാൻ പ്രതിപക്ഷത്തിന് കഴിയില്ലെന്നും, രാജ്യത്തെ ഓരോ പൗരന്റെയും വോട്ട് സംരക്ഷിക്കാൻ തെരുവിലും പാർലമെന്റിലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ‘Save Democracy March’: INDIA Bloc Demands CEC Gyanesh Kumar’s Resignation, Announces Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.