എച്ച്.ഡി. കുമാരസ്വാമി, ഡി.കെ ശിവകുമാർ
4 നിന്ന് 1,413 കോടിയുടെ ആസ്തിയിലേക്ക്; അഴിമതി ആരോപണത്തിൽ എച്ച്.ഡി. കുമാരസ്വാമിയുടെ രാജി ആവശ്യം തള്ളി ഡി.കെ ശിവകുമാർ
ബെംഗളൂരു: ബെംഗളൂരു-മൈസൂരു 'നൈസ്' റോഡ് പദ്ധതി നടത്തിപ്പിൽ വൻ അഴിമതിയും ക്രമക്കേടും നടന്നുവെന്ന ആരോപണവുമായി കേന്ദ്രമന്ത്രിയും ജനതാദൾ (എസ്) നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. പദ്ധതിയുടെ മറവിൽ നടത്തിയ ഭൂമി ഇടപാടുകളിലൂടെയും അധികാര ദുർവിനിയോഗത്തിലൂടെയും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രഖ്യാപിത ആസ്തി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 4 കോടി രൂപയിൽ നിന്ന് 1,413 കോടി രൂപയായി ഉയർന്നുവെന്നാണ് കുമാരസ്വാമി ആരോപിച്ചത്. 2008 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാന ഖജനാവിന് 30,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും, ഇന്നത്തെ വിപണി മൂല്യമനുസരിച്ച് ഇത് ഏകദേശം 3 ലക്ഷം കോടി രൂപയോളം വരുമെന്നും ചൂണ്ടിക്കാട്ടിയ കുമാരസ്വാമി, ധാർമിക ഉത്തരവാദിത്തമേറ്റ് ശിവകുമാർ മുഖ്യമന്ത്രി പദം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, കുമാരസ്വാമി ഉന്നയിച്ച അഴിമതി ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഡി.കെ. ശിവകുമാർ തള്ളി. തനിക്ക് 1,400 കോടിയോളം രൂപയുടെ സ്വത്തുക്കളുണ്ടെന്ന കാര്യം ശരിയാണെന്നും എന്നാൽ ആ ആസ്തികളെല്ലാം സുതാര്യവും നിയമാനുസൃതവുമായി സമ്പാദിച്ചതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ അഴിമതി ആരോപിക്കാൻ തെളിവുകളുണ്ടെങ്കിൽ അത് മാധ്യമങ്ങൾക്ക് മുന്നിൽ കാട്ടുകയല്ല, മറിച്ച് ആദായനികുതി വകുപ്പ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ അദ്ദേഹം കുമാരസ്വാമിയെ വെല്ലുവിളിച്ചു.
കുമാരസ്വാമി ഉന്നയിച്ച പ്രധാന ആരോപണങ്ങൾ:
ആസ്തിയിലെ വൻ വർദ്ധനവ്: 2003-2004 കാലഘട്ടത്തിൽ വെറും 4 കോടി രൂപയായിരുന്ന ശിവകുമാറിന്റെയും കുടുംബത്തിന്റെയും പ്രഖ്യാപിത ആസ്തി 2023-2024 ആയപ്പോഴേക്കും 1,413 കോടി രൂപയായി ഉയർന്നുവെന്ന് കുമാരസ്വാമി ആരോപിച്ചു. ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ പദ്ധതിയുടെ മറവിൽ നടത്തിയ അനധികൃത ഭൂമി ഇടപാടുകളാണ് ഇതിന് പ്രധാന കാരണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ: പദ്ധതിക്കായി വിജ്ഞാപനം ചെയ്ത ഭൂമിയിൽ 'നൈസ്' അധികൃതർ 420 എൻ.ഒ.സികൾ അനധികൃതമായി വിതരണം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നു. ഇതിൽ 150 മുതൽ 200 ഏക്കറോളം ഭൂമി ശിവകുമാറിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ ബിനാമിയായും അല്ലാതെയും കൈവശപ്പെടുത്തിയതായി അദ്ദേഹം കുറ്റപ്പെടുത്തി.
ഫ്രെയിംവർക്ക് ഉടമ്പടിയിലെ മാറ്റങ്ങൾ: എസ്.എം. കൃഷ്ണ സർക്കാരിന്റെ കാലത്ത് നഗരവികസന മന്ത്രിയും ബി.എം.ഐ.സി.പി.എ ചെയർമാനുമായിരുന്ന ഘട്ടത്തിൽ കാബിനറ്റ് അംഗീകരിച്ച അലൈൻമെന്റുകളിൽ ശിവകുമാർ ഏകപക്ഷീയമായി മാറ്റങ്ങൾ വരുത്തിയെന്നും സ്വകാര്യ താൽപ്പര്യങ്ങൾക്ക് വഴിയൊരുക്കിയെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.
ഖജനാവിനുണ്ടായ നഷ്ടം: കർഷകരെ വഞ്ചിച്ചും ഭൂമി വെട്ടിപ്പിടിച്ചും നടത്തിയ ഇടപാടുകൾ വഴി 2008-ൽ തന്നെ 30,000 കോടി രൂപയുടെ നഷ്ടം സംസ്ഥാന ഖജനാവിന് സംഭവിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക രേഖകൾ ഉദ്ധരിച്ച് അദ്ദേഹം അവകാശപ്പെട്ടു.
ആരോപണങ്ങളെ പ്രതിരോധിച്ച് ഡി.കെ. ശിവകുമാർ
തനിക്കെതിരെയുള്ളത് രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങൾ മാത്രമാണെന്ന് വ്യക്തമാക്കിയ ഡി.കെ. ശിവകുമാർ, തന്റെ പൊതുജീവിതവും സ്വത്തുവിവരങ്ങളും എന്നും സുതാര്യമാണെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ തന്നെ തനിക്കുള്ള 1,400 കോടിയുടെ ആസ്തിവിവരങ്ങൾ കൃത്യമായി ബോധിപ്പിച്ചിട്ടുള്ളതാണ്. എല്ലാ സാമ്പത്തിക ഇടപാടുകൾക്കും നിയമാനുസൃതമായ നികുതി അടച്ചിട്ടുണ്ടെന്നും ഒരു നയാപൈസയുടെ പോലും അനധികൃത സമ്പാദ്യം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതിന് പകരം അന്വേഷണ ഏജൻസികൾക്ക് മുന്നിൽ കൃത്യമായ രേഖകൾ വെക്കാൻ കുമാരസ്വാമി തയ്യാറാകണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.