'ആ മാറ്റം നിയമവിരുദ്ധം'; എതിർപ്പുകൾക്ക് പിന്നാലെ 'ഫോം 6' തിരുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ!
ന്യൂഡൽഹി: വോട്ടർപട്ടികയിൽ പുതിയ പേര് ചേർക്കാനുള്ള ഓൺലൈൻ 'ഫോം 6'-ൽ ഉൾപ്പെടുത്തിയിരുന്ന പ്രത്യേക തീവ്ര പുനരവലോകനവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട അധിക ഡിക്ലറേഷൻ വ്യവസ്ഥ തെരഞ്ഞെടുപ്പ് കമീഷൻ പിൻവലിച്ചു. തീവ്ര വോട്ടർപട്ടികാ പുതുക്കൽ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് ഈ ഇളവ് പ്രാബല്യത്തിൽ വന്നത്. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഈ മാറ്റം 'നിയമവിരുദ്ധമാണെന്ന്' ചൂണ്ടിക്കാട്ടി ശക്തമായ എതിർപ്പുകൾ ഉന്നയിക്കുകയും രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്ത പശ്ചാത്തലത്തിലാണ് കമീഷന്റെ ഈ പിന്മാറ്റം.
പുതിയ അപേക്ഷകർ തങ്ങളുടെയോ മാതാപിതാക്കളുടെയോ മുത്തശ്ശീമുത്തശ്ശന്മാരുടെയോ വിവരങ്ങൾ മുൻപത്തെ വോട്ടർപട്ടികയുമായി ബന്ധിപ്പിച്ച് സത്യവാങ്മൂലം നൽകണമെന്നതായിരുന്നു ഫോം 6-ൽ അധികമായി ചേർത്ത നിബന്ധന. എസ്.ഐ.ആർ നടപടികൾ ഇപ്പോഴും തുടരുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇസിഐ-നെറ്റ് പോർട്ടലിൽ ഈ ഡിക്ലറേഷൻ നിലനിൽക്കുമെങ്കിലും, പ്രക്രിയ പൂർത്തിയായ സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ വെബ്‌സൈറ്റുകളിൽ നിന്നും ഇസിഐ-നെറ്റ് ആപ്പിൽ നിന്നും ഇത് പൂർണമായും നീക്കം ചെയ്തു. ഇവിടങ്ങളിൽ 1960-ലെ ഇലക്ടേഴ്സ് രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരമുള്ള സാധാരണ ഫോം 6 മാത്രം പൂരിപ്പിച്ചാൽ മതിയാകും.
കമ്മീഷണർമാരുടെ ഭിന്നതയും തീരുമാനവും
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമീഷണറർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങിയ സമ്പൂർണ കമീഷൻ സെപ്റ്റംബർ 26-ന് ചേർന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. പ്രസ്തുത ഡിക്ലറേഷൻ എസ്.ഐ.ആർ പ്രക്രിയയ്ക്ക് മാത്രമായി ഉദ്ദേശിച്ചുള്ളതാണെന്നും, സാധാരണ കാലയളവിൽ 1960-ലെ ചട്ടപ്രകാരമുള്ള നിയമപരമായ ഫോമുകൾ മാത്രമേ ഉപയോഗിക്കൂ എന്നും കമീഷൻ വ്യക്തമാക്കി.
ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾക്കെതിരെ കമ്മീഷണർമാരായ സന്ധുവും ജോഷിയും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. കേന്ദ്ര സർക്കാർ നിയമഭേദഗതി വരുത്താതെ 1960-ലെ ചട്ടപ്രകാരമുള്ള ഒരു ഫോമിൽ മാറ്റം വരുത്താൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്ന് വിവേക് ജോഷി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഇസിഐ-നെറ്റിൽ ഈ ഡിക്ലറേഷൻ ഉൾപ്പെടുത്തിയപ്പോൾ, നടപടി 'അനധികൃതവും നിയമവിരുദ്ധവുമാണെന്ന്' കുറ്റപ്പെടുത്തിയ സുഖ്ബീർ സിംഗ് സന്ധു ഇത് ഉടനടി നീക്കം ചെയ്യണമെന്ന് രേഖാമൂലം ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, ഫോം 6 ഭേദഗതി ചെയ്തിട്ടില്ലെന്നും എസ്.ഐ.ആർ പ്രക്രിയയ്ക്കായി പ്രത്യേക സത്യവാങ്മൂലം കൂട്ടിച്ചേർക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കമീഷന്റെ വാദം. ബിഹാർ എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിധിയിൽ സുപ്രീം കോടതി ഈ ഡിക്ലറേഷൻ ശരിവെച്ചിട്ടുണ്ടെന്നും കമീഷൻ വിശദീകരിക്കുന്നു. കഴിഞ്ഞ 10 മാസത്തിനിടെ എസ്.ഐ.ആർ സംബന്ധിച്ച തീരുമാനങ്ങളിൽ കമീഷണർമാർ 14 തവണ ആഭ്യന്തര വിയോജിപ്പ് രേഖപ്പെടുത്തിയെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന് പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നീക്കങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് കമീഷന്റെ ഈ തിരുത്തൽ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.