സ്കൂൾ കെട്ടിടത്തിന്റെ പടിക്കെട്ട് തകർന്നുവീണു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

പട്ന: ബിഹാറിലെ ഖഗാരിയയിൽ സർക്കാർ പ്രൈമറി സ്കൂളിന്റെ പടിക്കെട്ട് തകർന്നുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10 മണിയോടെ അമ്നി ഗ്രാമത്തിലെ സർക്കാർ ​പ്രൈമറി സ്കൂളിലായിരുന്നു അപകടം.

ഒമ്പതുവയസ്സുകാരിയായ റിതിക കുമാരിയാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് റിതികയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പടിക്കെട്ട് പെട്ടെന്ന് തകർന്നുവീണതോടെ കുട്ടികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുകയായിരുന്നു. റിതികയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർഥികളെ ഖഗാരിയ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. പടിക്കെട്ട് തകർന്ന വിവരമറിഞ്ഞ് രക്ഷിതാക്കളും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് സദർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ധനഞ്ജയ് കുമാറും മറ്റ് നിരവധി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Tags:    
News Summary - School Staircase Collapse Kills Girl Injures Three

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.