സാമൂഹ്യശാസ്ത്ര പാഠപുസ്തകം
രാജാക്കന്മാർക്ക് ദേവിമാരിൽ നിന്ന് വാൾ ലഭിച്ചതായി എൻ.സി.ഇ.ആർ.ടി; ഒൻപതാം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകം വിവാദത്തിൽ
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ചർച്ചയായി പുതിയ എൻ.സി.ഇ.ആർ.ടി സാമൂഹ്യശാസ്ത്ര പാഠപുസ്തകം. ഒൻപതാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിൽ ദേവിമാരിൽ നിന്ന് വാൾ ലഭിച്ച രാജാക്കന്മാരെക്കുറിച്ചുള്ള പരാമർശമാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ 'അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് - ഭാഗം 2' എന്ന പുസ്തകത്തിലാണ് ഇതിനെ കുറിച്ച് പരാമർശിക്കുന്നത്.
ഏഴാം നൂറ്റാണ്ട് മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന തുടർച്ചയായ ആക്രമണങ്ങളെ ചെറുക്കാൻ പല രാജാക്കന്മാരും രാജകുമാരന്മാരും കാളി, ദുർഗ, ഭവാനി തുടങ്ങിയ ദേവിമാരിൽ നിന്ന് ലഭിച്ച വാളുകൾ ഉപയോഗിച്ചിരുന്നതായി പുസ്തകത്തിൽ പറയുന്നുണ്ട്. റെസിസ്റ്റൻസ് ആൻഡ് റെസിലിയൻസ് എന്ന അധ്യായത്തിലാണ് ഇതിനെ കുറിച്ച് വിശദീകരിക്കുന്നത്.
ഏഴാം നൂറ്റാണ്ട് മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡം നേരിട്ട തുടർച്ചയായ ആക്രമണങ്ങളെക്കുറിച്ചും അവ പ്രദേശിക വിപുലീകരണത്തിനും മതപരമായ ഉദ്ദേശ്യങ്ങൾക്കും വേണ്ടി എങ്ങനെ നടന്നുവെന്നും അധ്യായം വിവരിക്കുന്നുണ്ട്. അറബ്, തുർക്കി, മുഗൾ, യൂറോപ്യൻ സേനകൾക്കെതിരെ ഇന്ത്യൻ ഭരണാധികാരികളും സമൂഹങ്ങളും എങ്ങനെ ചെറുത്തുനിൽപ്പ് നടത്തിയെന്നും പുസ്തകം വിശദീകരിക്കുന്നു. ചരിത്രത്തിലെ മൂന്ന് പ്രധാന രാജാക്കന്മാരെയാണ് പുസ്തകം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.
ബസ്തറിലെ ഭരണാധികാരിയായ അന്നമരാജക്ക് മാണിക്യദേവിയിൽ (ദന്തേശ്വരി) നിന്ന് വാൾ ലഭിച്ചതായി വിശ്വസിക്കപ്പെടുന്നു, അതേസമയം കുമാര കമ്പണ (വിജയനഗര) മധുരയിലെ സുൽത്താനേറ്റ് സേനകൾക്കെതിരെ ദേവി നൽകിയ വാൾ ഉപയോഗിച്ചതായി വിശ്വസിക്കപ്പെടുന്നു. അതുപോലെ, ശിവജിക്കും തുളജാ ഭവാനി ദേവിയിൽ നിന്ന് വാൾ ലഭിച്ചതായി പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു എന്നാണ് അധ്യായത്തിൽ പറയുന്നത്.
യുദ്ധത്തിലെ മതപാരമ്പര്യങ്ങളെക്കുറിച്ചും പുസ്തകം വിവരിക്കുന്നുണ്ട്. ദേവീ ആരാധന ഇന്ത്യയിൽ ദീർഘകാലമായി നിലനിന്നിരുന്ന പാരമ്പര്യമാണെന്നും യുദ്ധകാലത്ത് രാജാക്കന്മാർ ദേവിമാരെ സംരക്ഷകരായി ആരാധിച്ചിരുന്നു. മുഗളന്മാർ സിഖ് ഗുരുക്കന്മാരോട് കാണിച്ച ക്രൂരതക്ക് ചരിത്രത്തിൽ സമാനതകൾ കുറവാണെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.
പാഠപുസ്തകത്തിന്റെ ആദ്യ ഭാഗം ജൂണിലാണ് പുറത്തിറങ്ങിയത്. രണ്ടാം ഭാഗം പുറത്തിറങ്ങിയത് അധ്യയന വർഷം തുടങ്ങി ആറ് മാസങ്ങൾക്ക് ശേഷമാണ്. സെക്കൻഡറി തലത്തിലെ സാമൂഹ്യശാസ്ത്ര പഠനം വിമർശനാത്മക അന്വേഷണത്തെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എൻ.സി.ഇ.ആർ.ടി മേധാവി ദിനേഷ് സക്ലാനി പറഞ്ഞു.
‘ഈ ഘട്ടത്തിലെ സാമൂഹ്യശാസ്ത്ര പഠനം വിശകലനപരവും ചർച്ചാപരവുമായ കഴിവുകൾ വളർത്തിയെടുക്കാനും, വിമർശനാത്മക അന്വേഷണത്തെ പ്രോത്സാഹിപ്പിക്കാനും, സാംസ്കാരിക ധാരണ പ്രോത്സാഹിപ്പിക്കാനും, പൗര, സാമൂഹിക ജീവിതത്തിൽ ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്തത്തോടെയും പങ്കെടുക്കാൻ പഠിതാക്കളെ പ്രാപ്തരാക്കാനും പ്രതീക്ഷിക്കുന്നു. ഈ മനോഭാവത്തിലാണ് ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകമായ അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് വിഭാവനം ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തിരിക്കുന്നത്’ സക്ലാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.