വീട്ടിലെത്തി ആധാരം കൈക്കലാക്കി; ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിൽ 75കാരിക്ക് കോടികളുടെ നഷ്ടം

ന്യൂഡൽഹി: ഡൽഹിയിൽ ഡിജിറ്റൽ അറസ്റ്റെന്ന വ്യാജേന വയോധികയുടെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കളും സമ്പാദ്യവും തട്ടിയെടുത്തു. കാൻസർ ബാധിതയായ 75 കാരിയിൽ നിന്നുമാണ് രണ്ട് കോടിയിലേറെ വിലമതിക്കുന്ന വീടും സ്വർണവും അന്താരാഷ്ട്ര സൈബർ കുറ്റവാളികൾ തട്ടിയെടുത്തത്. കമ്പോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണിൽ വിളിച്ചാണ് വയോധികയെ തട്ടിപ്പുകാർ കുടുക്കിയത്. ഇവരുടെ ഫോൺ നമ്പർ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടതാണെന്നും വിഷയം ദേശീയ സൈബർ സുരക്ഷയെ ബാധിക്കുന്നതാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. വിവരം മറ്റാരെയും അറിയിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.

തുടർന്ന് പൊലീസ് യൂണിഫോമണിഞ്ഞ് വാട്സ്ആപ്പ് വിഡിയോ കോളിൽ പ്രത്യക്ഷപ്പെട്ട സംഘം വയോധികയെ നിരന്തരം ഭീഷണിപ്പെടുത്തി. 22 ദിവസത്തോളമാണ് പ്രതികൾ ഇവരെ ഡിജിറ്റൽ അറസ്റ്റിലാണെന്ന് തെറ്റിദ്ധരിപ്പിച്ചത്. വിവരം പുറത്തുപറഞ്ഞാൽ മക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ആദ്യം ബാങ്ക് വഴി 3 ലക്ഷം രൂപ ഇവർ കൈമാറി. പിന്നീട് തന്‍റെ 83.5 ഗ്രാം സ്വർണം പണയം വെച്ച് 4.95 ലക്ഷം രൂപയും തട്ടിപ്പുകാർക്ക് നൽകി. കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിയെന്ന വ്യാജേന തട്ടിപ്പ് സംഘം വയോധികയുടെ വീട്ടിലെത്തി വീടിന്‍റെ ആധാരങ്ങൾ കൈക്കലാക്കുകയും തുടർന്ന് വീട് വിൽക്കുന്നതിനായി വയോധികയെക്കൊണ്ട് രേഖകളിൽ ഒപ്പിടുവിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

നെതർലൻഡ്സിലുള്ള വയോധികയുടെ മകൾ വിഡിയോ കോൾ ചെയ്തപ്പോഴാണ് സംഭവത്തിൽ സംശയം തോന്നിയത്. തുടർന്ന് ഇവർ ഡൽഹിയിൽ എത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കേസ് നിലവിൽ ഡൽഹി ഹൈകോടതിയുടെ പരിഗണനയിലാണ്

Tags:    
News Summary - Digital Arrest Scam Costs Elderly Woman Crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.