ആർ വീരമണിക്കെതിരെ വീണ്ടും പോക്സോ; സാമ്പത്തിക ഇടപാടുകളിലും അന്വേഷണം

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണിക്കെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്. മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന അമ്മയുടെ പരാതിയിൽ പോക്സോ നിയമപ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തു. കേസിനൊപ്പം വീരമണിയുടെ സാമ്പത്തിക ഇടപാടുകളും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ മാസമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ എൺപതുകാരനായ വീരമണിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു എൻ.ജി.ഒ ഓഫീസിൽ അജ്ഞാതൻ നിക്ഷേപിച്ച കത്തും ഡിജിറ്റൽ തെളിവുകളടങ്ങിയ പെൻഡ്രൈവുമാണ് ഈ കേസന്വേഷണത്തിന് തുടക്കമിട്ടത്. 2019-ൽ ചിത്രീകരിച്ചതെന്നു കരുതുന്ന വീരമണിയോട് സാദൃശ്യമുള്ളയാൾ പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഇതിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീരമണിയെയും ശാന്തി എന്ന സ്ത്രീയെയുമാണ് പൊലീസ് ചോദ്യം ചെയ്തതെങ്കിലും ഇവർ കുറ്റം നിഷേധിക്കുകയും വിഡിയോയിലുള്ളത് വീരമണിയല്ലെന്ന് വാദിക്കുകയും ചെയ്തു. കാര്യമായ തെളിവുകളില്ലെന്ന് കാണിച്ച് ഈ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് ഫെബ്രുവരിയിൽ കോടതിക്ക് റിപ്പോർട്ട് നൽകിയതെങ്കിലും ജൂലൈയിൽ കോടതി ഈ റിപ്പോർട്ട് തള്ളുകയും സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

കോടതി ഇടപെടലിനെത്തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് വീരമണിയെയും കൂട്ടുപ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടയിലാണ് തമിഴ്നാട് കോൺഗ്രസ് നേതാവായ രഞ്ജൻ കുമാർ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 2024 നവംബറിൽ തന്നെ താൻ ഈ ലൈംഗികാതിക്രമത്തിനെതിരെ ഔദ്യോഗികമായി പരാതി നൽകിയിരുന്നുവെന്നും അന്നത്തെ അഡീഷണൽ കമ്മീഷണർ എൻ. കണ്ണന് നേരിട്ട് പരാതി കൈമാറിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മീഷണർ എ. അരുണിനെ വിവരമറിയിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയെങ്കിലും പിന്നീട് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ പൊലീസ് തയാറായില്ല. വീരമണിയുടെ വീട്ടിൽ റെയ്ഡ് നടത്തണമെന്നും ചോദ്യം ചെയ്യണമെന്നും താൻ ആവശ്യപ്പെട്ടിട്ടും പൊലീസ് കാര്യമായ അന്വേഷണം നടത്താതെ ഒത്തുകളിക്കുകയായിരുന്നുവെന്നും രഞ്ജൻ കുമാർ ആരോപിച്ചു.

വീരമണിയുടെ അക്കൗണ്ടിൽനിന്ന് ശാന്തിക്ക് 24.63 കോടി രൂപ കൈമാറിയതായും ഇതിൽ രണ്ട് കോടി രൂപ ശാന്തിയുടെ ഭർത്താവ് മഹേന്ദ്ര സിംഹന് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒരു പെൺകുട്ടിയുടെ കുടുംബത്തിന് പ്രതികൾ രണ്ട് തവണയായി ഒരു ലക്ഷം രൂപ വീതം നൽകിയെന്ന ആരോപണവും പൊലീസ് പരിശോധിക്കുന്നുണ്ട്.

സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന 20 കോടിയിലധികം രൂപ മരവിപ്പിക്കുന്നതിനുള്ള നടപടികളും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ശാന്തിയുടെയും ഭർത്താവ് മഹേന്ദ്ര സിംഹന്റെയും ജാമ്യാപേക്ഷയും പൊലീസ് എതിർത്തു.

Tags:    
News Summary - Chennai Tycoon Faces POCSO Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.