ഭോപ്പാല്‍: ഭോപ്പാലിൽ യുവതിയെ കൊന്ന് കോൺക്രീറ്റ് അറയിൽ ഒളിപ്പിച്ച കാമുകൻ ഏഴ് വർഷം മുമ്പ് മാതാപിതാക്കളെയും കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കൂടുതൽ ചോദ്യം ചെയ്തതിൽ നിന്ന് പ്രതി ഇക്കാര്യം സമ്മതിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ രമേശ് റായ് പറഞ്ഞു. മാതാപിതാക്കൾ തെൻറ ജീവിതത്തിൽ ഇടപെട്ടതിനാൽ അവരെ കൊന്ന് വീട്ടിൽ ഒളിപ്പിക്കുകയായിരുന്നുവെന്നാണ് പ്രതി മൊഴി നൽകിയത്.
കാമുകിയെ കൊലപ്പെടുത്തിയ കേസിൽ മധ്യപ്രദേശ് സാകേത് നഗർ സ്വദേശിയും 32കാരനുമായ ഉദ്യാൻ ദാസ് ദിവസങ്ങൾക്ക് മുമ്പാണ് പൊലീസ് പിടിയിലായത്. 27കാരിയായ അകൻക്ഷയെ കാണാതായെന്ന മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കാമുകൻ വീട്ടിനകത്ത് മാർബിൾ പാകിയ കോൺക്രീറ്റ് അറയിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്.
പശ്ചിമ ബംഗാൾ സ്വദേശിയായ അകൻക്ഷ 2007ൽ ഒാൺലൈൻ വഴിയാണ് ദാസിനെ പരിചയപ്പെട്ടത്. പിന്നീട് അമേരിക്കയിൽ ജോലി ലഭിച്ചതായി വീട്ടുകാരോട് കള്ളം പറഞ്ഞ യുവതി ഉദ്യാൻ ദാസിനൊപ്പം താമസമാരംഭിച്ചു. വീട്ടുകാരെ ബന്ധപ്പെടുമ്പോഴെല്ലാം താന്‍ അമേരിക്കയിലാണെന്നാണ് അകൻക്ഷ പറഞ്ഞിരുന്നത്.
കുറച്ചു നാളായി യുവതിയുടെ വിവരം ഇല്ലാത്തതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ െപാലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് യുവതി ഭോപ്പാലിൽ നിന്നാണ് ബന്ധപ്പെട്ടതെന്ന് കണ്ടെത്തിയത്.
ശവകുടീരത്തിന്റെ മാതൃകയിലുള്ള സിമൻറ്അറ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മറ്റൊരാളോട് യുവതി പതിവായി സംസാരിക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടാവുകയും തുടർന്ന് ദാസ് യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഡിസംബർ 27ന് കൃത്യം നടത്തിയ പ്രതി യുവതിയുടെ മൃതദേഹത്തിൽ സിമൻറ് തേച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.