ന്യൂഡൽഹി: ഇന്ത്യ-ഭാരത് തർക്കം നിലനിൽക്കെ ജി-20 സമ്മേളനത്തിനുള്ള ലഘുലേഖകളിൽ ഇന്ത്യക്ക് പകരം 'ഭാരത്' എന്നെഴുതി കേന്ദ്രസർക്കാർ. ഭാരത് രാജ്യത്തിന്‍റെ ഔദ്യോഗിക നാമമാണെന്നും ലഘുലേഖകളിലൊന്നിൽ പറയുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന വിശിഷ്ടവ്യക്തികൾക്ക് കൈമാറുന്ന ലഘുലേഖകളിലാണ് സർക്കാരിന്‍റെ പേര് മാറ്റം. രാജ്യത്തിന്‍റെ 6000 ബി.സി.ഇ മുതലുള്ള ചരിത്രമാണ് ഇവയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 'ഭാരത്, ദി മദർ ഓഫ് ഡമോക്രസി', 'ഇലക്ഷൻസ് ഇൻ ഇന്ത്യ' എന്നീ രണ്ട് ലഘുലേഖകളാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത്.
രാമായണം, മഹാഭാരതം, ഛാത്രപതി ശിവാജിയുടെ ആഖ്യാനങ്ങൾ,അക്ബർ, തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലേക്കുള്ള രാജ്യത്തിന്‍റെ വളർച്ച തുടങ്ങിവയാണ് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത്.
ഇന്ത്യയെ ജനാധിപത്യത്തിന്‍റെ മാതാവായാണ് ആദ്യ പുസ്തകത്തിൽ പരാമർശിക്കുന്നത്. 5000 വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന സിന്ധുനദീതട സംസ്കാരത്തിൽ നിന്ന് കണ്ടെത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന 'നൃത്തം ചെയ്യുന്ന പെൺകുട്ടി' (ഡാൻസിങ് ഗേൾ) എന്ന വെങ്കലപ്രതിമയാണ് ഇത് അവതരിപ്പിക്കുന്നത്. ആത്മവിശ്വാസത്തിന്‍റെ അടയാളമായാണ് പ്രതിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. പുരാതന വേദങ്ങളെക്കുറിച്ചും പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. രാമായണത്തിൽ രാമനെ രാജാവായി പിതാവ് തെരഞ്ഞെടുത്തത് മന്ത്രിമാരുടെ സമിതി നൽകിയ അനുമതിക്ക് പിന്നാലെയാണ്. മഹാഭാരതത്തിൽ മരണക്കിടക്കയിൽ വെച്ച് ഭീഷ്മർ യുദിഷ്ടിരന് പറഞ്ഞുകൊടുത്തത് സദ്ഭരണത്തിന്‍റെ പാഠങ്ങളാണെന്നും പുസ്തകത്തിൽ പറയുന്നു. ബുദ്ധിസം, ഛാത്രപതി ശിവജി മഹാരാജ്, ഛന്ദ്രഗുപ്ത മൗര്യ തുടങ്ങിയവരെയും ആദ്യ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
ഇന്ത്യയുടെ തെരഞ്ഞെടുപ്പിൽ വന്ന മാറ്റങ്ങളും, ജനങ്ങളുടെ പങ്കാളിത്തത്തിൽ വന്ന മാറ്റവുമാണ് രണ്ടാം ലഘുലേഖയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.