ഭോപാൽ: മധ്യപ്രദേശിൽ പൊലീസ് പരിശീലനത്തിനിടെ ഭഗവദ് ഗീതയിലെ അധ്യായങ്ങൾ വായിക്കാൻ ആവശ്യപ്പെട്ടത് വിവാദമാകുന്നു. സംഭവം പുറത്തുവന്നതിന് പിന്നാലെ പൊലീസിനെ കാവിവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ഭരണഘടന ലംഘനമാണിത്. തീർച്ചയായും ഇതിനെതിരെ നടപടി സ്വീകരിക്കണം. ഓരോ വ്യക്തിക്കും അവരവരുടെ വിശ്വാസം പിന്തുടരാൻ കഴിയണം. പൊലീസിനെ തീവ്രവാദവൽകരിക്കാനുള്ള ശ്രമം മധ്യപ്രദേശിൽ തുടങ്ങിയിരിക്കുന്നു എന്നാണ് കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്തയുടെ ആരോപണം.
എന്നാൽ പൊലീസുകാരിൽ ധാർമിക അടിത്തറ പാകാനുള്ള വ്യായാമമാണിതെന്നാണ് ഭരണകക്ഷിയായ ബി.ജെ.പിയുടെ അവകാശവാദം.
സംസ്ഥാനത്തെ എട്ട് പൊലീസ് ട്രെയ്നിങ് സ്കൂളുകളിലാണ് രാത്രിയിലെ ധ്യാന സെഷനുകൾക്ക് മുമ്പായി ഭഗവദ് ഗീതയിലെ അധ്യായം വായിക്കാൻ പുതുതായി ജോയിൻ ചെയ്ത പൊലീസ് ഉദ്യേഗസ്ഥരോട് ആവശ്യപ്പെടുന്നത്. എ.ഡി.ജി.പി രാജ ബാബു സിങ് ആണ് ഇത്തരത്തിലൊരു നിർദേശം നൽകിയിരിക്കുന്നത്. പുതുതായി ചേർന്ന 4000 പൊലീസുകാരിൽ അച്ചടക്കവും ധാർമികതയും വളർത്തിയെടുക്കാനാണിതെന്നും എ.ഡി.ജി.പി വ്യക്തമാക്കി. മുമ്പ് പൊലീസ് ട്രെയിനിങ്ങിനിടെ തുളസീദാസിന്റെ രാമചരിതമാനസത്തിലെ ശ്ലോകങ്ങൾ ചൊല്ലാൻ എ.ഡി.ജി.പി ആവശ്യപ്പെട്ടിരുന്നു. അത് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് പുതിയ നിർദേശം.
ഗ്വാളിയോർ റെയ്ഞ്ച് എ.ഡി.ജി.പിയായിരുന്ന കാലത്ത് ജയിൽ തടവുകാർക്കിടയിൽ സിങ് ഭഗവദ്ഗീതയുടെ പകർപ്പുകൾ വിതരണം ചെയ്തിരുന്നു. ഇപ്പോഴത്തെ രീതിയിലുള്ള വായന സെഷനുകളും തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.