സ്ഫോടനം നടന്ന രാമേശ്വരം കഫേ വീണ്ടും തുറന്നു; കർശന പരിശോധന ഏർപ്പെടുത്തി

ബംഗളൂരു: സ്ഫോടനം നടന്ന ബംഗളൂരു വൈറ്റ് ഫീൽഡിലെ ബ്രൂക്ക്ഫീൽഡിൽ രാമേശ്വരം കഫേ പ്രവർത്തനം പുനരാരംഭിച്ചു. സ്ഫോടനം നടന്ന് എട്ട് ദിവസത്തിന് ശേഷം ഇന്ന് രാവിലെയാണ് കഫേയുടെ പ്രവർത്തനം പുനരാരംഭിച്ചത്.

സഹ സ്ഥാപകൻ രാഘവേന്ദ്ര റാവും ജീവനക്കാരും ദേശീയഗാനം ആലപിച്ച ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്. കർശന പരിശോധനക്ക് ശേഷമാണ് കഫേക്കുള്ളിലേക്ക് ആളുകളെ കയറ്റിവിടുന്നത്. ഭക്ഷണം കഴിക്കാനെത്തുന്നവരുടെ വലിയനിര രാവിലെ തന്നെ ദൃശ്യമാണ്.

ഭാവിയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ട മുൻകരുതൽ എടുത്തിട്ടുണ്ടെന്ന് രാഘവേന്ദ്ര റാവു മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി വിമുക്ത ഭടന്മാരുടെ സംഘത്തെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.

മാർച്ച് ഒന്നിന് ഉച്ചക്ക് ഒരു മണിയോടെയാണ് രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒമ്പതു പേർക്ക് പരിക്കേറ്റിരുന്നു. തൊപ്പി ധരിച്ച് മുഖം മറച്ച് എത്തിയ പ്രതി ടൈമർ ഘടിപ്പിച്ച ബോംബ് വസ്തു അടങ്ങിയ ബാഗ് കഫേയിൽ ഒളിപ്പിച്ച് മടങ്ങുകയായിരുന്നു. ഇയാൾ വരുന്നതിന്‍റെയും മടങ്ങുന്നതിന്‍റെയുമടക്കം വിവിധ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൈമാറിയിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട് നാലു പേർ കസ്റ്റഡിയിലാണ്. ലോക്കൽ പൊലീസിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ച കർണാടക പൊലീസിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) ഏറ്റെടുത്ത അന്വേഷണമാണ് എൻ.ഐ.എക്ക് കൈമാറിയത്. 


Tags:    
News Summary - Bengaluru's Rameshwaram Cafe reopens eight days after blast, tight security ensured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.