ബംഗളൂരു: ഡോക്ടർമാർക്ക് ലഭിക്കുന്ന ശമ്പളത്തിലെ വിവേചനം ചൂണ്ടിക്കാട്ടി ബംഗളൂരുവിൽ നിന്നുള്ള ഡോക്ടർ. ഡോ. ജഗ്ദീഷ് ജെ ഹിരേമത്താണ് ഡോക്ടർമർക്ക് ലഭിക്കുന്ന വേതനത്തിലെ വിവേചനം സംബന്ധിച്ച് പോസ്റ്റിട്ടത്. അരുണാചൽപ്രദേശ് സർക്കാർ എം.ബി.ബി.എസ് ഡോക്ടർമാർക്ക് 11,000 രൂപ ശമ്പളമാണ് നൽകുന്നത്. കുക്കിനും വാർഡ് ബോയ്സിനും ഇതിനേക്കാൾ ശമ്പളമുണ്ടെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു.
അരുണാചൽപ്രദേശിലെ ഇറ്റാനഗറിലുള്ള കൃപ ഫൗണ്ടേഷൻ ജീവനക്കാരെ തേടിയുള്ള പരസ്യം പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. യോഗ തെറാപ്പിസ്റ്റിനും പുരുഷ നഴ്സിനും 15,000 രൂപ ശമ്പളം ലഭിക്കുന്നുണ്ട്. കൗൺസിലർമാർക്കും ക്ലിനിക്കൽ സൈക്കോളജിസ്റ്റിനും ഡോക്ടർമാരേക്കാളും ശമ്പളം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഡോക്ടർമാർ വൈകാതെ ഈ അവസ്ഥയിൽ എത്തുമെന്ന് എനിക്കറിയാമായിരുന്നു. ഇന്ന് എല്ലാ ജില്ലയിലും ഒരു മെഡിക്കൽ കോളജ് ഉള്ളതിനാൽ യുവഡോക്ടർമാർക്ക് ഭാവിയിൽ ഈ തൊഴിൽ മേഖല കൂടുതൽ വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ മെഡിക്കൽ കോളജുകളിൽ പഠിക്കുന്നതിനായി കോടികൾ ചെലവഴിക്കുന്നതിന് മുമ്പ് നിങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണം. നിങ്ങളുടെ പണം കൈയിൽ തന്നെ വെക്കുന്നതാണ് നല്ലത്. ഈ തൊഴിൽമേഖല തെരഞ്ഞെടുക്കുന്നതിന് മുമ്പ് ജോലി സാധ്യത ഉൾപ്പടെ കൃത്യമായി പരിഗണിക്കണം. ഈ തൊഴിൽമേഖലയിൽ അവസരങ്ങൾ കുറയുമെന്ന് മനസിലാക്കി തന്നെയാണ് തന്റെ മകനെ എൻജിനീയറിങ്ങ് പഠനത്തിനായി അയച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.