ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ. ശശികലക്കായി ജയിൽ ചട്ടങ്ങൾ ലംഘിക്കുന്നതായി ആക്ഷേപം. 31 ദിവസത്തിനിടെ 14 തവണയായി 28 പേർ അവരെ സന്ദർശിച്ചതായി ജയിൽ രേഖകൾ പറയുന്നു. എന്നാൽ, വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ 12 തവണയായി 19 പേർ സന്ദർശിച്ചതായാണ് ജയിൽ അധികൃതർ വ്യക്തമാക്കുന്നത്. ഫെബ്രുവരി 16 മുതൽ മാർച്ച് 18 വരെയുള്ള സന്ദർശകരുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്.
കർണാടക ജയിൽ നിയമപ്രകാരം ഒരു കുറ്റവാളിക്ക് 15 ദിവസത്തിലൊരിക്കലേ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ അഭിഭാഷകരുമായോ കൂടിക്കാഴ്ചക്ക് അവസരമുള്ളൂ. ഇതു തന്നെ ജയിൽ ഉദ്യോഗസ്ഥെൻറ നിരീക്ഷണത്തിലായിരിക്കണമെന്നും നിയമത്തിലുണ്ട്. തടവുകാരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊന്നും 10 മിനിറ്റിലധികം കൂടിക്കാഴ്ചക്ക് അവസരം നൽകാറില്ല. എന്നാൽ, ശശികലയെ സന്ദർശിച്ച എല്ലാവരും 40 മിനിറ്റിലധികം എടുത്തതായും രേഖകളിൽനിന്ന് വ്യക്തമാകുന്നു. രാവിലെ 11 മുതൽ വൈകീട്ട് അഞ്ചുവരെയാണ് സന്ദർശന സമയമെങ്കിലും ശശികലക്കുവേണ്ടി ഇതും ലംഘിക്കുന്നതായും ആക്ഷേപമുണ്ട്. ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈ, ആർ.കെ. നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ടി.ടി.വി. ദിനകരൻ, മുൻ എം.പിയും തെലുഗുദേശം പാർട്ടി എം.എൽ.സിയുമായ മഗുന്ദ ശ്രീനിവാസുലു റെഡ്ഡി തുടങ്ങിയ പ്രമുഖർ സന്ദർശകരിൽ ഉൾപ്പെടും. ബന്ധുകൂടിയായ ദിനകരൻ ഫെബ്രുവരി 20നും മാർച്ച് എട്ടിനും സന്ദർശിച്ചു. രണ്ടു കൂടിക്കാഴ്ചകളും 45 മിനിറ്റിലധികം നീണ്ടു. ശശികലയുടെ ബന്ധുക്കളും നേതാക്കളും അഭിഭാഷകരുമെല്ലാം തടസ്സമില്ലാതെ ജയിലിൽ കയറിയിറങ്ങുന്നുണ്ടെങ്കിലും സഹതടവുകാരിയും സഹോദരെൻറ ഭാര്യയുമായ ഇളവരശിയെ കാണാൻ നാലുതവണ മാത്രമാണ് അവസരം നൽകിയത്. ഉന്നത ഇടപെടലുള്ളതിനാൽ പ്രത്യേക സ്ഥലത്ത് സ്വകാര്യ സംഭാഷണത്തിന് ശശികലയെയും സന്ദർശകരെയും അനുവദിക്കുന്നതായി ജയിൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.
സുപ്രീംകോടതി നാലുവർഷത്തെ ശിക്ഷ വിധിച്ചതിനെ തുടർന്ന് ഫെബ്രുവരി 15ന് ജയിലിലെത്തിയ ശശികല, തെൻറ ആരോഗ്യസ്ഥിതി പരിഗണിച്ച് ജയിലിൽ ശൗചാലയത്തോടു കൂടിയ പ്രത്യേക സെൽ, ടെലിവിഷൻ, വീട്ടിൽനിന്ന് തയാറാക്കിയ ഭക്ഷണം, പായ, കോട്ട്, ടേബിൾ ഫാൻ എന്നിവ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി നിരസിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.