കൊൽക്കത്ത: പശ്ചിമബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ ആലപിക്കുന്നത് നിർബന്ധമാക്കാൻ ഉത്തരവ്. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും രാവിലെ നടക്കുന്ന അസംബ്ലിയിൽ വന്ദേമാതരം ആലപിക്കാൻ നിർദേശം നൽകിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
എല്ലാ വിദ്യാർഥികളും ദേശീയ ഗാനാലാപനത്തിൽ പങ്കെടുക്കണമെന്നും നിർദേശം കർശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ സ്ഥാപന മേധാവികൾക്ക് നിർദേശം നൽകിയതായും ഉത്തരവിൽ പറയുന്നു. കൂടാതെ സ്കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി വിഡിയോ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കാനും സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നേരത്തേ, ദേശീയഗാനമായ ‘ജനഗണ മന’ മാത്രമാണ് സ്കൂളുകളിൽ ആലപിച്ചിരുന്നത്. ദേശീയ ചിഹ്നങ്ങളോടുള്ള ബഹുമാനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് ഈ നീക്കം. വന്ദേമാതരം സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.