ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ അനാഥരായ കുട്ടികൾക്കുവേണ്ടി പി.എം കെയേഴ്സ് നിധി ഉൾപ്പെടെയുള്ള പദ്ധതികളിൽനിന്ന് നൽകുന്ന ആനുകൂല്യം അനാഥരായ മുഴുവൻ കുട്ടികൾക്കും ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. രക്ഷിതാക്കൾ മരിച്ചത് എങ്ങനെയാണെങ്കിലും അനാഥരായവർ അനാഥർ തന്നെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച് അഭിപ്രായം തേടാൻ കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ വിക്രംജീത് ബാനർജിയോട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. കോവിഡ്കാലത്ത് രക്ഷിതാക്കൾ മരിച്ച കുട്ടികൾക്കായി ഉചിതമായ നയം കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, രക്ഷിതാക്കൾ അപകടത്തിൽ മരിച്ചാലും രോഗംമൂലം മരിച്ചാലും അനാഥരാകുന്ന കുട്ടികൾ അനാഥർതന്നെയാണ്. ഇവർക്കും സഹായം നൽകുന്നത് പരിഗണിക്കണം. അനാഥരായ മുഴുവൻ കുട്ടികൾക്കും കേന്ദ്ര ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൗലോമി പവിനി ശുക്ലയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. മറ്റു സംസ്ഥാനങ്ങൾക്കും ഇത് നടപ്പാക്കാവുന്നതാണെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി.
കോടതിയുടെ നിർദേശത്തിന് നാലാഴ്ചക്കകം മറുപടി നൽകാമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.