ഇന്ത്യൻ ആർമി (ഫയൽ ചിത്രം)
ന്യൂഡൽഹി: തുടർച്ചയായ രണ്ടാംരാത്രിയും ഇന്ത്യക്ക് നേരെ പ്രകോപന ആക്രമണവുമായി പാകിസ്താൻ. ജമ്മു മുതൽ ഗുജറാത്ത് വരെ 26 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാക് സൈന്യം ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് ആക്രമണം നടത്തിയത്. എന്നാൽ, ഇവയെല്ലാം കരുത്തുറ്റ ഇന്ത്യൻ വ്യോമപ്രതിരോധത്തിൽ തരിപ്പണമായി. വിമാനത്താവളങ്ങൾ, വ്യോമ കേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഇടങ്ങളിലേക്ക് ഉൾപ്പെടെയാണ് ആക്രമണമുണ്ടായത്.
ആക്രമണ സാധ്യതയുള്ളയിടങ്ങളിലെല്ലാം ശക്തമായ മുൻകരുതൽ ഇന്ത്യ സ്വീകരിച്ചിരുന്നു. പല നഗരങ്ങളിലും വൈദ്യുതിബന്ധം പൂർണമായും വിച്ഛേദിച്ച് സമ്പൂർണ ബ്ലാക്കൗട്ടിലായിരുന്നു. ജനങ്ങൾക്ക് വീടുകൾക്കുള്ളിൽ തന്നെ സുരക്ഷിതമായി കഴിയാൻ നിർദേശം നൽകിയിരുന്നു.
വടക്കൻ കശ്മീരിലെ ബാരാമുല്ല മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 ഇടങ്ങളിൽ പാകിസ്താൻ ഡ്രോണുകളെ നേരിട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ശ്രീനഗർ, അവന്തിപോര, നഗ്രോറ്റ, ജമ്മു, ഫിറോസ്പൂർ, പത്താൻകോട്ട്, ഫസിൽക, ലാൽഗഡ് ജട്ട, ജയ്സാൽമീർ, ബാർമെർ, ഭുജ്, കുവർബെത്, ലഖി നല തുടങ്ങിയ സ്ഥലങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയത്. ഫിറോസ്പൂരിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ശ്രീനഗർ വിമാനത്താവളത്തിനും അവന്തിപൊരയിലെ വ്യോമകേന്ദ്രത്തിനും നേർക്കുണ്ടായ ഡ്രോൺ ആക്രമണ ശ്രമം സൈന്യം തകർത്തു. വെടിവെച്ചിട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പരിശോധിച്ചുവരികയാണ് സൈന്യം.
ഡ്രോൺ ആക്രമണത്തിനൊപ്പം അതിർത്തി മേഖലയിൽ വ്യാപക ഷെല്ലിങ്ങും പാക് ഭാഗത്തുനിന്നുണ്ടായി. തുടർന്ന് ഇന്ത്യ പാക് പ്രകോപനത്തിന് കനത്ത മറുപടി നൽകിയതായാണ് റിപ്പോർട്ടുകൾ. പാക്കിസ്താന്‍റെ മൂന്ന് വ്യോമ താവളങ്ങളിൽ ഇന്ത്യൻ ആക്രമണമുണ്ടായതായാണ് വിവരം. റാവിൽപിണ്ടിയിലെ നുർ ഖാൻ, ചക്‌വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിലാണ് ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.