ബാനു മുഷ്താഖ്
ബംഗളൂരു: ‘‘ഇതെന്റെ വിജയമല്ല; പലപ്പോഴും കേൾക്കാതെപോയ ശബ്ദങ്ങളുടെ സംഘമേളമാണ്. സ്ത്രീകളുടെയും അവഗണിക്കപ്പെട്ടവരുടെയും ജീവിതവുമായും അവരുടെ ഭാവങ്ങളുമായും നേരിട്ട് ഇടപഴകാനായതാണ് എന്റെ എഴുത്തിന് ശക്തി പകർന്നത്. കർണാടകയിലെ സാമൂഹിക സാഹചര്യങ്ങളാണ് എന്നെ പരുവപ്പെടുത്തിയത്...’’ -ലണ്ടനിലെ ടേറ്റ് മോഡേണിലെ വേദിയിൽ ഇന്റർനാഷനൽ ബുക്കർ പ്രൈസ് ഏറ്റുവാങ്ങിയശേഷം ഇന്ത്യൻ സാഹിത്യകാരി ബാനു മുഷ്താഖിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
സമൂഹത്തിൽ ശബ്ദമില്ലാതെ കഴിഞ്ഞവരുടെ സങ്കടങ്ങളും വേദനകളും ആധികളും ആകുലതകളും രചനകളിൽ സന്നിവേശിപ്പിച്ച ബാനു മുഷ്താഖിലൂടെ സാഹിത്യ ലോകത്തെ ലബ്ധപ്രതിഷ്ഠമായ പുരസ്കാരം വീണ്ടും ഇന്ത്യൻ മണ്ണിലേക്കെത്തുമ്പോൾ എഴുത്തിന്റെ വഴിയിൽ മൈത്രിയെയും മതേതരത്വത്തെയും സാഹോദര്യത്തെയും ചേർത്തുപിടിച്ച എഴുത്തുകാരിക്കുള്ള അംഗീകാരംകൂടിയാണിത്. 1990 മുതൽ 2023 വരെ 33 വർഷക്കാലം എഴുതിയ ചെറുകഥകളിൽനിന്ന് തെരഞ്ഞെടുത്ത 12 കഥകളാണ് ‘ഹൃദയ ദീപ’യിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബാനു മുഷ്താഖിന്റെ കഥാരചന പാടവത്തിന്റെ സത്ത ഉൾക്കൊള്ളുന്ന സമാഹാരമാണിതെന്ന് വിശേഷിപ്പിക്കാം.
ഹാസനിലെ പുരോഗമന മുസ്ലിം കുടുംബത്തിൽ ജനിച്ച ബാനു സ്കൂൾ പഠനകാലത്താണ് തന്റെ ആദ്യ ചെറുകഥയെഴുതുന്നത്. പിന്നീട്, വിവാഹവും മാതൃത്വവുമടക്കമുള്ള സാഹചര്യങ്ങളിൽ തന്റെ അനുഭവങ്ങളിൽനിന്നാണ് തന്റെ ചിന്താലോകം വികസിപ്പിക്കുന്നത്. 26ാം വയസ്സിൽ ആദ്യ കഥ വെളിച്ചം കണ്ടു. ഇതുവരെ ആറു ചെറുകഥ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. 70കളിൽ കർണാടകയിലുണ്ടായ ദലിത്, കർഷക, ഭാഷ, പരിസ്ഥിതി മൂവ്മെന്റുകളിലും വനിത വിമോചന പ്രസ്ഥാനങ്ങളിലും ആകൃഷ്ടയായ ബാനു മുഷ്താഖ് എഴുത്തിനൊപ്പം ആക്ടിവിസത്തിലേക്കും തിരിഞ്ഞു.
ബാനു എഴുതിയ ‘കരി നഗരകളു’ എന്ന കഥയാണ് ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത് ദേശീയ അവാർഡ് നേടിയ ‘ഹസീന’ എന്ന സിനിമയുടെ കാതൽ. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തെക്കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനത്തിന് 2000ത്തിൽ ബാനു മുഷ്താഖിന്റെ കുടുംബം ഊരുവിലക്ക് നേരിട്ടിരുന്നു. ഗൗരി ലങ്കേഷിന്റെ പിതാവായ പി. ലങ്കേഷ് നടത്തിയിരുന്ന ‘ലങ്കേഷ് പത്രികെ’യിൽ മാധ്യമപ്രവർത്തകയായി പ്രവർത്തിച്ച ബാനു മുഷ്താഖ്, ബംഗളൂരുവിൽ ഓൾ ഇന്ത്യ റേഡിയോയിലും ജോലി ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.