ബംഗളൂരു: ഐ.പി.എല്‍ ക്രിക്കറ്റ് കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ 10 പേരെ തിരിച്ചറിഞ്ഞു. ബംഗളൂരു സ്വദേശികളായ ഭൂമിക് (20), സഹന (19), പൂർവ ചന്ദ് (32) , ചിന്മയ് (19), ദിവാൻഷി (13), ശ്രാവൺ (20), ശിവലിംഗ് (17), മനോജ് (33), അക്ഷത, ആന്ധ്ര സ്വദേശിനി ദേവി (29) എന്നിവരാണ് മരിച്ചത്.
അതേസമയം, അപകടത്തിൽ മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആറു വയസ്സുകാരിയടക്കം 50തോളം പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവരിൽ 47 പേർ അപകടനില തരണം ചെയ്തെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ഐ.പി.എൽ ക്രിക്കറ്റിൽ 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു കന്നിക്കിരീടമുയർത്തിയതിന്റെ ആവേശത്തിൽ അണപൊട്ടിയൊഴുകിയെത്തിയ ആരാധക വൃന്ദത്തിന്റെ തിക്കും തിരക്കുമാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മൂന്നാം കവാടത്തിന് സമീപത്താണ് ദാരുണാപകടം.
വൈകീട്ട് മൂന്നരയോടെ വിധാൻ സൗധ പരിസരത്തു നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് തുറന്ന ബസിൽ ആർ.സി.ബി ടീമിന്റെ വിക്ടറി പരേഡ് നിശ്ചയിച്ചിരുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗളൂരു പൊലീസ് പരേഡിന് അനുമതി നൽകിയില്ല. പിന്നീട് സ്റ്റേഡിയത്തിന് മുന്നിലെ റോഡിൽ 10 മിനിറ്റ് മാത്രം പരേഡിന് അനുമതി നൽകി.
ഇതോടെ ആരാധകർ താരങ്ങളെ കാണാൻ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മുന്നിലെ പ്രധാന കവാടത്തിന് സമീപത്തെ റോഡിലേക്ക് തിരിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശി. തിരക്കിൽ നിലത്തു വീണ പലർക്കും ആളുകളുടെ ചവിട്ടേറ്റ് ഗുരുതര പരിക്കേൽക്കുകയായിരുന്നു.
ശിവാജിനഗറിലെ ബൗറിങ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ആറു പേരുടെ മരണവും കസ്തൂർബ റോഡിലെ വൈദേഹി ആശുപത്രിയിൽ (പഴയ മല്ല്യ ആശുപത്രി) പ്രവേശിപ്പിക്കപ്പെട്ടവരിൽ നാലു പേരുടെ മരണവും ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.