ബംഗളൂരു: ഐ.പി.എൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ കർശന നടപടിയുമായി കർണാടക സർക്കാർ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) മാർക്കറ്റിങ് ആൻഡ് റവന്യൂ മേധാവി നിഖിൽ സോസാലെ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡി.എൻ.എ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ മൂന്നു ജീവനക്കാർ എന്നിവരെ അറസ്റ്റ് ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ. ഗോവിന്ദരാജ് എം.എൽ.സിയെ അടിയന്തര പ്രാബല്യത്തോടെ നീക്കി. ദാരുണമായ ദുരന്തത്തിൽ സംഭവിച്ച ഗുരുതര ഇന്റലിജൻസ് വീഴ്ച ചൂണ്ടിക്കാട്ടി അഡീ. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇന്റലിജൻസ്) ഹേമന്ത് നിംബാൽക്കറെ സ്ഥലം മാറ്റി.
ക്രൈംബ്രാഞ്ചും ബംഗളൂരു പൊലീസും സംയുക്തമായാണ് നിഖിൽ സോസാലെ ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തത്. ദുബൈയിലേക്ക് കടക്കാൻ ശ്രമിക്കവേ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് നിഖിൽ സോസാലെ പിടിയിലായത്. ഡി.എൻ.എ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ സുനിൽ മാത്യു, കിരൺ കുമാർ എന്നിവരും അറസ്റ്റിലായതായി ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. ചോദ്യം ചെയ്യലിനായി ഇവരെ കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
ആർ.സി.ബി, ഡി.എൻ.എ പ്രൈവറ്റ് ലിമിറ്റഡ്, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) എന്നിവർക്കെതിരെ വ്യാഴാഴ്ച കേസെടുത്തിരുന്നു. തുടർന്നാണ് അറസ്റ്റിലേക്ക് നീങ്ങിയത്. ഇവരുടെ പ്രതിനിധികളെ ഉടൻ അറസ്റ്റ് ചെയ്യാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഡി.ജി.പിയോടും ഐ.ജി.പിയോടും നിർദേശിച്ചിരുന്നു.
സ്റ്റേഡിയത്തിൽ വിജയാഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എഴുതിയ കത്താണ് കെ. ഗോവിന്ദരാജ് എം.എൽ.സിക്കെതിരായ നടപടിയിലേക്ക് നയിച്ചതെന്നാണ് ഉന്നത പൊലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. 2023 ജൂൺ ഒന്നിനാണ് ഗോവിന്ദ രാജ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി പദവിയിൽ നിയമിതനായത്. രഹസ്യാന്വേഷണ വകുപ്പിലെ വീഴ്ചകളാണ് അപകടത്തിന് കാരണമെന്ന് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് എ.ഡി.ജി.പി ഹേമന്ത് നിംബാൽക്കറിന് എതിരായ നടപടി.
സംഭവത്തെ അതിഗൗരവത്തോടെ കണ്ട സംസ്ഥാന സർക്കാർ ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. സീമന്ത് കുമാർ സിങ്ങിനെ പുതിയ കമീഷണറായി നിയമിക്കുകയും ചെയ്തു.
ദുരന്തത്തിനു പിന്നാലെ കർണാടക ഹൈകോടതി സ്വമേധയാ കേസെടുത്ത് സംസ്ഥാന സർക്കാറിന് നോട്ടീസ് അയച്ചിരുന്നു. ജൂൺ 10നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സംഭവം അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ജില്ല മജിസ്ട്രേറ്റ് ജി. ജഗദീഷ കഴിഞ്ഞ ദിവസം അപകടസ്ഥലം സന്ദർശിച്ചു. 35,000 ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിലേക്ക് രണ്ടര ലക്ഷംപേർ എത്തിയതാണ് ദുരന്തത്തിന് ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.