കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 24 പർഗാന ജില്ലയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ അയവ്. ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, സംഘർഷത്തെക്കുറിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടു.
12ാം ക്ലാസ് വിദ്യാർഥി ഒരു മതത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് നടത്തിയതാണ് കൊൽക്കത്തയിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള ബദുരിയയിൽ സംഘർഷത്തിന് ഇടയാക്കിയത്. ഞായറാഴ്ച വൈകീട്ട് ആരംഭിച്ച സംഘർഷത്തെ തുടർന്ന് നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർക്കപ്പെടുകയും അഗ്നിക്കിരയാവുകയും ചെയ്തു. ആറിലധികം പൊലീസ് വാഹനങ്ങളും കത്തിച്ചു. വിദ്യാർഥിയുടെ വീട് രോഷാകുലരായ ജനക്കൂട്ടം തകർത്തിരുന്നു. സംഘർഷം നിയന്ത്രിക്കുന്നതിനിടെ 24 പർഗാന ജില്ല പൊലീസ് മേധാവി ഭാസ്കർ മുഖർജിക്ക് പരിക്കേറ്റു.ബുധനാഴ്ച ഉച്ചവരെ ആക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. എങ്കിലും, കടകളും മറ്റും അടഞ്ഞുകിടന്നു. കിഴക്കൻ റെയിൽവേയുടെ ബസാറത്-ഹസ്നാബാദ്, ബസാറത്-ബോൻഗാവോൺ സെക്ഷനുകളിൽ ട്രെയിൻ ഗതാഗതം നാലര മണിക്കൂർ തടസ്സപ്പെട്ടു. വിവിധ സ്റ്റേഷനുകളിൽ ജനക്കൂട്ടം പാളത്തിൽ കുത്തിയിരുന്നതാണ് കാരണം. നിരവധി സർവിസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു.
കേന്ദ്ര സർക്കാർ അയച്ച 400 അർധ സൈനികർ ക്രമസമാധാന പാലനത്തിൽ ലോക്കൽ പൊലീസിനൊപ്പമുണ്ട്. ബി.എസ്.എഫ് ജവാന്മാരുടെ നാല് കമ്പനിയാണ് ഇവിടെ എത്തിയത്. റോഡുകളിലെ തടസ്സങ്ങൾ ഇവർ നീക്കംചെയ്തു. സംഘർഷം സംബന്ധിച്ച് ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാൾ സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ബംഗാൾ ഗവർണർ കേസരിനാഥ് ത്രിപാഠി, മുഖ്യമന്ത്രി മമത ബാനർജി എന്നിവരുമായി ഫോണിൽ സ്ഥിതിഗതികൾ ചർച്ചചെയ്തു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ദിലീപ് ഘോഷാണ് ആവശ്യം ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.