ഉടുപ്പിയില്‍ ബജ്റംഗ്ദള്‍ ‘കനകനട’യും ദലിത് സമിതി‘സ്വാഭിമാന’നടയും നിരോധിച്ചു

മംഗളൂരു: ഗുജറാത്ത് ദലിത് സമരനായകന്‍ അഡ്വ. ജിഗ്നേഷ് മേവാനി പങ്കെടുത്ത ദലിത് സമ്മേളനത്തിലൂടെ ‘അശുദ്ധ’മായ ഉഡുപ്പിക്ക് പുണ്യാഹമായി യുവ ബജ്റംഗ്ദള്‍ ഞായറാഴ്ച സംഘടിപ്പിക്കാന്‍ തീരുമാനിച്ച ‘കനകനട’ പരിപാടിയും ഇതിനെതിരെ ദലിത് ഹോരാട്ട സമിതി നടത്തുമെന്ന് പ്രഖ്യാപിച്ച ‘സ്വാഭിമാന നട’യും നിരോധിച്ചു. ക്രമസമാധാന പ്രശ്നത്തെ തുടര്‍ന്നാണ്  ജില്ലാ പൊലീസ് സൂപ്രണ്ട് കെ.ടി. ബാലകൃഷ്ണയുടെ നിര്‍ദേശം പരിഗണിച്ച് ജില്ലാ ഡെപ്യൂട്ടി കമീഷണര്‍ ടി. വെങ്കിടേശ് നിരോധ ഉത്തരവിറക്കിയത്.

ഈ മാസം ഒമ്പതിനാണ് ‘ഉഡുപ്പി ചലോ’എന്ന മുദ്രാവാക്യവുമായി ദലിത് ഹോരാട്ട സമിതി നടത്തിയ സമ്മേളനം മേവാനി ഉദ്ഘാടനം ചെയ്തത്. ഉഡുപ്പി കൃഷ്ണ മഠത്തിലെ പന്തിഭേദം രണ്ടു മാസത്തിനകം അവസാനിപ്പിച്ചില്ളെങ്കില്‍ മഠത്തിലേക്ക് ദലിത് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഭൂമിയുടെ അവകാശമുന്നയിച്ച് ദലിത്് ഹോരാട്ട സമിതി തുടരുന്ന സമര പരിപാടികളില്‍ മഠത്തിലെ ജാതി വിവേചനവും ചര്‍ച്ച ചെയ്യുന്നുണ്ട്.
ഇതിനിടെയാണ് ‘കനകനട’ പരിപാടിയുമായി യുവ ബജ്റംഗ്ദള്‍ രംഗത്തുവന്നത്. ഉഡുപ്പി ശുദ്ധീകരിക്കുകയാണ് ഇതിന്‍െറ ലക്ഷ്യമെന്ന യുവ ബജ്റംഗ്ദള്‍ നേതാവും എഴുത്തുകാരനുമായ ചക്രവര്‍ത്തി സുലിബലെയുടെ പ്രസ്താവന ദലിത് നേതാക്കളെ ചൊടിപ്പിച്ചു.

ദലിതരുടെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന ഈ പരിപാടിക്കെതിരെ ‘സ്വാഭിമാന നട’ സംഘടിപ്പിക്കുമെന്ന് ദലിത് ഹോരാട്ട സമിതി നേതാവ് രഘുവീര്‍ സുദേര്‍പേട്ടയും പ്രഖ്യാപിച്ചു. ദലിതരുടെ സമ്മേളനം കാരണം ഉഡുപ്പിയുടെ തെരുവുകള്‍ അശുദ്ധമായി എന്ന് നിന്ദിക്കുന്നവര്‍ മഠപരിസരവും മനസ്സുമാണ് ആദ്യം ശുദ്ധീകരിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉഡുപ്പി കനകദാസ് റോഡില്‍ രാവിലെ ‘കനകനട’യും ഉച്ചക്കുശേഷം ‘സ്വാഭിമാന്‍ നട’യും സംഘടിപ്പിക്കാനുള്ള അനുമതിയാണ് ഇരുവിഭാഗവും തേടിയിരുന്നത്.

Tags:    
News Summary - bajrang dal,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.