കൂട്ടുപ്രതികളുടെ ജാമ്യം കീഴ്‌വഴക്കമാകരുത് -ഡൽഹി പൊലീസ്

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം നയിച്ചതിന് 2020ലെ ഡൽഹി കലാപ ഗൂഢാലോചന കുറ്റം ചുമത്തി ജയിലിലടച്ചവരിൽ ചിലർക്ക് ജാമ്യം നൽകിയത് മറ്റുള്ളവർക്ക് നൽകാനുള്ള ന്യായീകരണമാക്കരുതെന്ന് ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ. നേരത്തെ മൂന്ന് കൂട്ടുപ്രതികൾക്ക് അനുവദിച്ച ജാമ്യം ഈ ആറ പേർക്ക് അവകാശപ്പെടാനാകില്ലെന്നാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി. അൻജാരിയയും അടങ്ങുന്ന ബെഞ്ച് മുമ്പാകെ പൊലീസ് അഭിഭാഷകൻ വാദിച്ചത്.

നേരത്തെ ഈ കേസിൽ പ്രതികളാക്കിയ പൗരത്വ സമര നേതാക്കളായ നടാഷ നർവൽ, ദേവാംഗന കലിത, ആസിഫ് ഇഖ്‌ബാൽ തൻഹ എന്നിവർക്ക് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. സുപ്രീംകോടതി അത് ശരിവെക്കുകയും ചെയ്തു.

കൂട്ടുപ്രതികളുടെ ജാമ്യ ഉത്തരവ് ഒരു കീഴ്‌വഴക്കമായി കാണാൻ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണെന്നും ഉമർ ഖാലിദിനെപ്പോലുള്ള പ്രതികൾ മുമ്പ് ജാമ്യ ഹരജികളിൽ തുല്യാവകാശം അവകാശപ്പെട്ടുവെന്നും എന്നാൽ, കോടതി നിരസിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ഡൽഹി പൊലീസ് വാദിച്ചു. രാജ്യത്തെ മുസ്‍ലിംകൾ ഒരുമിക്കണമെന്നും ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങൾ സ്തംഭിപ്പിക്കണമെന്നും പ്രതി ശർജീൽ ഇമാം ആഹ്വാനം ചെയ്തിരുന്നെന്നും അത് അങ്ങേയറ്റം ഗൗരവത്തോടെ കാണണമെന്നും പ്രോസിക്യൂഷനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ജാമ്യഹരജികളിൽ വാദം 20ന് തുടരും.

Tags:    
News Summary - Bail for co-accused should not become a precedent - Delhi Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.