ന്യൂഡൽഹി: അയോധ്യയിലെ ബാബരി മസ്ജിദിനകത്ത് 1949 ഡിസംബർ 22, 23 തീയതിയിലെ അർധരാത്രിയിൽ ആസൂത്രിതമായ ഗൂഢാലോചനയിലൂടെ വിഗ്രഹങ്ങൾ സ്ഥാപിച്ചെന്നും ഇതിനായി ചില ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്നും സുന്നി വഖഫ് ബോർഡും ഹരജിക്കാരിലൊരാളായ എം. സിദ്ദീഖും സുപ്രീംകോടതിയിൽ വ്യക്തമാക്കി. ബാബരി ഭൂമി കേസിൽ 18ാം ദിവസം വാദം കേൾക്കുകയായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് മുന്നിലാണ് കക്ഷികൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ ഇക്കാര്യം പറഞ്ഞത്.
കൃത്യമായ നിർദേശമുണ്ടായിട്ടും ഫൈസാബാദിലെ മുൻ െഡപ്യൂട്ടി കമീഷണർ കെ.കെ. നായർ വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ അനുവദിച്ചില്ല. യഥാർഥത്തിൽ വിഗ്രഹ പ്രതിഷ്ഠ ഒരു അത്ഭുത സംഭവമായിരുന്നില്ല. വലിയ ആസൂത്രണവും ഗൂഢാലോചനയും അതിന് പിന്നിലുണ്ട്. കെ.കെ. നായർ പിന്നീട് ഭാരതീയ ജനസംഘത്തിെൻറ സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. മാത്രവുമല്ല, 1528ൽ വിക്രമാദിത്യ നിർമിച്ച ക്ഷേത്രം തകർത്താണ് ബാബർ പള്ളി സ്ഥാപിച്ചതെന്ന് പറഞ്ഞ് 1949 ഡിസംബർ 16ന് ചീഫ് സെക്രട്ടറിക്ക് നായർ കത്തെഴുതിയതായും രാജീവ് ധവാൻ വ്യക്തമാക്കി.
ആരാധന വിലക്കിയപ്പോൾ മുസ്ലിംകൾ എന്തുചെയ്തെന്ന കോടതിയുടെ ചോദ്യത്തിന് അവർ വഖഫ് ഇൻസ്പെക്ടർക്ക് പരാതി നൽകിയെന്നും എന്നാൽ, ആരാധന നിർവഹിക്കാൻ അനുമതി നൽകിയില്ലെന്നും ധവാൻ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.