വിജയ് കരൂരി​ൽ നടന്ന ടി.വി.കെ റാലിക്കിടെ

കരൂർ ദുരന്തം; വിജയ് നാളെ സി.ബി.ഐ മുമ്പാകെ; ചാർട്ടർ ​ൈഫ്ലറ്റിൽ ന്യൂഡൽഹിയിലെത്തും

ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ആൾകൂട്ട ദുരന്തത്തിൽ ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ് തിങ്കളാഴ്ച ന്യൂഡൽഹിയിൽ സി.ബി.ഐക്ക് മുമ്പാകെ ഹാജരാകും.

അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാവണമെന്ന സി.ബി.ഐ സമൻസ് താരം കൈപ്പറ്റിയതായും, വിജയ് തിങ്കളാഴ്ച ന്യൂഡൽഹിയിലെത്തുമെന്ന് ടി.വി.കെ വൃത്തങ്ങൾ അറിയിച്ചു. ചെന്നൈയിൽ നിന്നും ചാർട്ടർ വിമാനത്തിൽ ​വിജയ് ന്യൂഡൽഹിയിലെത്തുമെന്നാണ് വിവിരം.

തമിഴ്നാട്ടിൽ ഈ വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡി.എം.കെ​യെ വെല്ലുവിളിച്ചുകൊണ്ട് ടി.വി.കെ മത്സര രംഗത്ത് ശക്തമായ സാന്നിധ്യമായതിനു പിന്നാലെയാണ് കരൂർ ആൾകൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് സി.ബി.ഐ നീക്കം.

അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാവണമെന്നാവശ്യപ്പെട്ട് ജനുവരി ആദ്യവാരമാണ് വിജയിന് സമൻസ് അയക്കുന്നത്. കരൂർ ദുരന്തത്തിൽ സി.ബി.​ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.വി.കെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും ടി.വി.കെ ആവശ്യപ്പെട്ടു. പിന്നാലെ, പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന മദ്രാസ് ഹൈകോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ദുരന്തത്തിന് കരണം സർക്കാർ ആണെന്നും അപകടത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമായിരുന്നു ടി.വി.കെ ആരോപണം. സംസ്ഥാന സർക്കാർ നേതൃത്വത്തിലെ അന്വേഷണത്തിൽ സംശവും പ്രകടിപ്പിച്ചു.

സെപ്റ്റംബർ 27നായിരുന്നു കരൂരിൽ ടി.വി.കെയുടെ റാലിക്കിടെ വൻ ആൾകൂട്ട ദുരന്തമുണ്ടായത്. ഒമ്പത് കുട്ടികളും, 18 സ്ത്രീകളും ഉൾപ്പെടെ 41 പേരാണ് തിക്കിലും തിരക്കിലും മരിച്ചത്.100ൽ ഏറെ പേർക്ക് പരിക്കേറ്റു.

റാലി വേദിയിലേക്ക് വിജയ് ഏഴു മണിക്കൂർ വൈകിയെത്തിയതാണ് ദുരന്തകാരണമെന്നാണ് ആരോപണമുയർന്നത്. മണിക്കൂറുകളോളം കാത്തിരുന്ന ജനക്കൂട്ടം തളർന്നു വീണതും, കുടിവെള്ളം കിട്ടാതെ വലഞ്ഞതും ദുരന്തത്തിന് കാരണമായി മാറി. പതിനായിരം പേർക്ക് മാത്രം പ​ങ്കെടുക്കാൻ കഴിയുന്ന സ്ഥലത്ത് 30,000ത്തോളം പേർ എത്തിയെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.

ദുരന്ത സ്ഥലത്തു നിന്നും പ്രവർത്തകരെ കാണാൻ നിൽക്കാതെ വേഗത്തിൽ രക്ഷപ്പെട്ട വിജയ്, ചെന്നൈയിലേക്ക് മടങ്ങിയതും വൻ വിമർശനത്തിന് കാരണമായി.

Tags:    
News Summary - Karur Stampede Case: Actor Vijay To Appear Before CBI Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.