ഒഴിവാക്കുന്ന വോട്ടർമാരെക്കുറിച്ച് ബി.ജെ.പി നേതാക്കൾ എങ്ങനെ മുൻകൂട്ടി അറിഞ്ഞു​? തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് അഖിലേഷ്

ലക്​നോ: നീക്കം ചെയ്യാൻ പോകുന്ന വോട്ടർമാരുടെ എണ്ണം ബി.ജെ.പി നേതാക്കൾക്ക് എങ്ങനെ അറിയാമെന്ന ചോദ്യവുമായി സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്.  ഇത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുവെന്നും പറഞ്ഞു.

ലക്നോവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഉത്തർപ്രദേശിൽ എസ്‌.ഐ.ആർ നടത്തിയതായും അവരുടെ ബൂത്ത് ലെവൽ ഏജന്റുമാർ ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ പ്രക്രിയയിൽ പങ്കെടുത്തുവെന്നും അഖിലേഷ് പറഞ്ഞു. ചൊവ്വാഴ്ച കരട് വോട്ടർ പട്ടിക പുറത്തിറക്കിയ ശേഷം 3 കോടി വോട്ടുകൾ നീക്കം ചെയ്യപ്പെടുമെന്ന് തനിക്ക് ആശങ്കയുണ്ടെന്നും യാദവ് പറഞ്ഞു.

കരട് വോട്ടർ പട്ടിക പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ എത്ര വോട്ടുകൾ നീക്കം ചെയ്യപ്പെടുമെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ, നാലു കോടിയോളം വോട്ടുകൾ നീക്കം ചെയ്യപ്പെടുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതായി അഖിലേഷ് ചൂണ്ടിക്കാട്ടി.

വ്യത്യസ്ത ജില്ലകളിലായി രണ്ട് നിയമസഭാ മണ്ഡലങ്ങളുണ്ടെന്നും അവിടെയും വോട്ടുകൾ നീക്കം ചെയ്യുമെന്നും കനൗജിൽ നിന്നുള്ള ഒരു മുൻ എം.പി പറഞ്ഞതായി യാദവ് പറഞ്ഞു. ബി.ജെ.പി നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നുണ്ടെങ്കിൽ, തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യം ഉയർന്നുവരുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു.

പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയക്കു ശേഷം ചൊവ്വാഴ്ചയാണ് ഉത്തർപ്രദേശിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. നേരത്തെ പട്ടികപ്പെടുത്തിയ 15.44 കോടിയിൽ 2.89 കോടി വോട്ടർമാരെ ഒഴിവാക്കുകയും 12.55 കോടി പേരെ നിലനിർത്തുകയും ചെയ്തുവെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ നവ്ദീപ് റിൻവ പറഞ്ഞു.

മരണം, സ്ഥിരമായ കുടിയേറ്റം, ഒന്നിലധികം രജിസ്ട്രേഷനുകൾ എന്നിവ കാരണം 2.89 കോടി വോട്ടർമാരെ, അതായത് 18.70ശതമാനം പേരെ കരട് പട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് റിൻവ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ വർഷം മാർച്ച് 6 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും റിൻവ പറഞ്ഞു.

Tags:    
News Summary - How did BJP leaders know in advance about the voters who were being eliminated? Akhilesh questions the credibility of the commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.