ന്യൂഡൽഹി: തന്റെ ദൈനംദിന ജോലികളിൽ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കുന്നില്ലെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ആശയവിനിമയത്തിന് ഇതല്ലാതെ മറ്റ് നിരവധി മാർഗങ്ങളുമുണ്ട് എന്നും അജിത് ഡോവൽ കൂട്ടിച്ചേർത്തു.
ഭാരത് മണ്ഡപത്തിൽ ‘വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2026’ ഉദ്ഘാടന സെഷനിലാണ് അജിത് ഡോവൽ ഇക്കാര്യം പറഞ്ഞത്. ചോദ്യോത്തര സെഷനിൽ, മൊബൈൽ ഫോണുകളും ഇന്റർനെറ്റും ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിനുത്തരമായിട്ടായിരുന്നു അജിത് ഡോവലിന്റെ വെളിപ്പെടുത്തൽ.
“ഞാൻ ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ല എന്നത് ശരിയാണ്. കുടുംബകാര്യങ്ങൾക്കോ മറ്റ് രാജ്യങ്ങളിലെ ആളുകളുമായി സംസാരിക്കുന്നതിനോ അല്ലാതെ ഞാൻ ഒരു ഫോൺ ഉപയോഗിക്കുന്നില്ല. എന്റെ ജോലി ആ രീതിയിലാണ് ഞാൻ കൈകാര്യം ചെയ്യുന്നത്. ആശയവിനിമയത്തിനുള്ള മറ്റ് നിരവധി മാർഗങ്ങളും ഉണ്ട്, കൂടാതെ ആളുകൾക്ക് അറിയാത്ത ചില അധിക രീതികൾ ക്രമീകരിക്കേണ്ടതുണ്ട്,” ഡോവൽ പറഞ്ഞു.
കഴിഞ്ഞ വർഷം ഡോവലിന്റെ പേരിൽ വ്യാജമായി ആരോപിക്കപ്പെട്ട ഒരു വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) ഫാക്ട് ചെക്കിങ് വസ്തുതാ പരിശോധന ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. അജിത് ഡോവലിന് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്ലെന്നും അദ്ദേഹത്തിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് പ്രചരിക്കുന്ന പോസ്റ്റ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പി.ഐ.ബി വ്യക്തമാക്കിയത്. കേരള കേഡറിൽ നിന്ന് വിരമിച്ച ഇന്ത്യൻ പൊലീസ് സർവിസ് (ഐ.പി.എസ്) ഉദ്യോഗസ്ഥനായ അജിത് ഡോവൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും പദവിയിലെത്തുന്ന അഞ്ചാമത്തെ വ്യക്തിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.