ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രം നീക്കിയ ബി.ജെ.പി സർക്കാറിനെ വിമർശിച്ച് ആം ആദ്മി പാർട്ടി (എ.എ.പി) രംഗത്ത്. രാജ്യത്തെ ആദ്യ നിയമമന്ത്രിയുടെ ചിത്രം നീക്കിയതിലൂടെ അദ്ദേഹത്തിന്‍റെ അനുയായികളായ ദശലക്ഷക്കണക്കിനു പേരെ ബി.ജെ.പി വേദനിപ്പിച്ചെന്ന് എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ എക്സിൽ കുറിച്ചു. അംബേദ്കറുടെ ചിത്രം നീക്കി പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ സ്ഥാപിച്ചത് ശരിയായില്ലെന്നും കെജ്രിവാൾ പറഞ്ഞു.
നേരത്തെ ഡൽഹി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി, ബി.ജെ.പിക്ക് ദലിത് വിരുദ്ധതയും സിഖ് വിരുദ്ധതയുമാണെന്ന് ആരോപിച്ച് രംഗത്തുവന്നിരുന്നു. “ബി.ജെ.പി അവരുടെ യഥാർഥ ദലിത് വിരുദ്ധ, സിഖ് വിരുദ്ധ മുഖം കാണിച്ചിരിക്കുന്നു. ബാബസാഹിബ് അംബേദ്കർ, ഷഹീദ് ആസാം ഭഗത് സിങ് എന്നിവരുടെ ചിത്രം ഡൽഹി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് നീക്കിയിരിക്കുന്നു” - മുമ്പത്തേയും ഇപ്പോഴത്തേയും ചിത്രങ്ങൾ സഹിതം അതിഷി എക്സിൽ കുറിച്ചു. പഴയ ചിത്രത്തിൽ അംബേദ്കറുള്ളപ്പോൾ, പുതിയതിൽ രാഷ്ട്രപതി ദ്രൗപതി മുർമു, രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി, പ്രധാനമന്ത്രി മോദി എന്നിവരാണുള്ളത്.
അതേസമയം രേഖ ഗുപ്ത മുഖ്യമന്ത്രിയായി അധികരമേറ്റ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമായി. സമ്മേളനത്തിന് മുന്നോടിയായി വാർത്ത സമ്മേളനത്തിൽ ബി.ജെ.പിക്കെതിരെ വൻ വിമർശനമാണ് അതിഷി ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ നിറവേറ്റാൻ പുതിയ സർക്കാറിന് ബാധ്യതയുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ സി.എ.ജി റിപ്പോർട്ട് പുറത്തുവരുമെന്ന ഭയമാണ് എ.എ.പി നേതാക്കൾക്കെന്നും അത് മറയ്ക്കാനാണ് ആരോപണങ്ങളെന്നും ബി.ജെ.പി തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.