മുംബൈ: മഹാരാഷ്ട്രയിലെ നേരത്തെ ഔറംഗാബാദ് എന്ന സമ്പാജി നഗറിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ പരിക്കറ്റേയാൾ മരിച്ചു. വ്യാഴാഴ്ച അർധരാത്രി കിരാഡ്പുര പ്രദേശത്താണ് സംഘർഷമുണ്ടായത്. പരിസരത്തെ രാമ ക്ഷേത്രത്തിൽ രാം നവമി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നവരും ആ സമയത്ത് ബൈക്കിൽ അത് വഴി വന്ന സംഘവും തമ്മിലെ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.
പൊലീസിന്റെത് അടക്കം 14 ഓളം വാഹനങ്ങൾക്ക് തീയിട്ടു. സംഘർഷം രൂക്ഷമായതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിചാർജ്ജ് നടത്തുകയും ചെയ്തു. എന്നിട്ടും സംഘർഷം നിയന്ത്രണ വിധേയമാകാത്തതിനെ തുടർന്നാണ് വെടിയുതിർത്തത്.
വെടിവെപ്പിൽ പരിക്കേറ്റ ആളാണ് വ്യാഴാഴ്ച അർദ്ധ രാത്രയോടെ മരിച്ചത്. സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു. ജനങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഔറംഗാബാദ് എം.പിയും മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (മജ്ലിസ്) നേതാവുമായ ഇംതിയാസ് ജലീലിനും പരിക്കേറ്റു.
നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് പറഞ്ഞു. 500 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഔറംഗാബാദിന്റെ പേര് മാറ്റിയത് മുതൽ രാഷ്ടീയ ചേരിപ്പോര് രൂക്ഷമായിരുന്നു. ചൊവ്വാഴ്ച രാത്രി ജൽഗാവിലും വ്യാഴാഴ്ച രാത്രി മുംബൈയിലെ മാൽവണിയിലും സംഘർഷമുണ്ടായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.