ഇ.ഡിക്കെതിരായ ആക്രമണം: മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ച് ഗവർണർ

കൊൽക്കത്ത: ഇ.ഡി ഉദ്യോഗസ്ഥരെ ‘ഓടിച്ച’ സംഭവത്തിൽ ആരോപണ വിധേയനായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകി പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. ഷെയ്ഖ് അതിർത്തി കടക്കാൻ സാധ്യതയുണ്ടെന്നും തീവ്രവാദികളുമായി ബന്ധമുണ്ടെന്നും ഗവർണർ ആരോപിച്ചു. തീവ്രവാദികളുമായി ബന്ധമുണ്ടെന്ന ആനന്ദബോസിന്റെ പരാമർശത്തിൽ ഭരണകക്ഷി തൃണമൂൽ കോൺഗ്രസ് നിശിത വിമർശനമുയർത്തിയിരുന്നു.

തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായി ശനിയാഴ്ച രാത്രി രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചില രാഷ്ട്രീയ നേതാക്കൾ ഷെയ്ഖിനെ പിന്തുണക്കുന്നുവെന്നും രാജ്ഭവനിൽ ലഭിച്ച പരാതിയിലുണ്ട്. ഷെയ്ഖിനെ കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഗവർണർ ഊന്നിപ്പറഞ്ഞു.

സമാന്തര ഭരണം നടത്താനല്ല ഗവർണറെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശത്തിന് കാരണമെന്തെന്ന് അറിയില്ല. ഭരണഘടനയനുസരിച്ച് സംസ്ഥാന സർക്കാറുമായി കൂടിയാലോചിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നത്. കൃത്യമായ റിപ്പോർട്ടോ തെളിവുകളോയില്ലാതെ ഇത്തരം പരാമർശങ്ങൾ നടത്താൻ എങ്ങനെ കഴിയുമെന്നും കുനാൽ ഘോഷ് ചോദിച്ചു. ഇ.ഡിക്ക് നേരെയുണ്ടായ ആക്രമണത്തിൽ വിദേശസംഘങ്ങൾക്കും റോഹിങ്ക്യകൾക്കും പങ്കുണ്ടെന്ന് ബംഗാൾ ബി.ജെ.പി ഘടകം ആരോപിച്ചു. ഗവർണറുടെ അഭിപ്രായത്തെ പിന്തുണക്കുന്നുവെന്നും സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ പറഞ്ഞു.

ഷാജഹാൻ ഷെയ്ഖിനെതിരെ ഇ.ഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആക്രമണ സംഭവത്തിൽ തൃണമൂൽ നേതാവിന്റെ കുടുംബവും ഇ.ഡിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. റെയ്ഡ് നടത്തിയ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ പീഡനം, അതിക്രമിച്ച് കടക്കൽ, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 

Tags:    
News Summary - Attack on ED: Governor orders the arrest of the main accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.