ന്യൂഡൽഹി: ഡൽഹിയിലെ രോഹിണിയിൽ വ്യാഴാഴ്ച പുലർച്ചെ കാറിൽ യുവതി വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് പങ്കജ് കുറ്റം സമ്മതിച്ചതായി പൊലീസ്. തങ്ങൾ കാറിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ മറ്റൊരു കാറിൽ വന്നവർ തന്‍റെ ഭാര്യ പ്രിയ മെഹ്റയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പങ്കജ് ഇന്നലെ മൊഴി നൽകിയത്. ഭാര്യയുടെ മടിയിലുണ്ടായിരുന്ന കുഞ്ഞിന് പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.
ഒരു രാത്രി മുഴുവൻ നീണ്ടു നിന്ന ചോദ്യം ചെയ്യലിലാണ് പങ്കജ് കുറ്റമേറ്റത്. ഇയാൾ തന്നെ പ്രിയയെ വെടിവെച്ചതിനുശേഷം പണം കടം കൊടുത്തയാളാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വരുത്തിതീർക്കാനായിരുന്നു ശ്രമം.
പ്രിയയുമായുള്ള പങ്കജിന്‍റെ ദാമ്പത്യം സുഖകരമായിരുന്നില്ലെന്നും കുഞ്ഞിനെക്കരുതിയാണ് ഇരുവരും ഒരുമിച്ച് ജീവിച്ചിരുന്നത് എന്നുമാണ് സൂചന. പങ്കജ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നതായും സൂചനയുണ്ട്. എന്നാൽ, രണ്ടാം ഭാര്യയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
റസ്റ്ററന്‍റ് ബിസിനസ് നടത്തിയിരുന്ന പങ്കജിന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. 40 ലക്ഷം രൂപ സ്വകാര്യവ്യക്തിയിൽ നിന്നും കടം വാങ്ങിച്ചതിനാൽ ഇയാളിൽ നിന്നും ഭീഷണി നേരിട്ടിരുന്നു. രണ്ട് പ്രശ്നങ്ങൾ ഒറ്റയടിക്ക് പരിഹരിക്കാനായിരുന്നു പങ്കജ് ഭാര്യയെ കൊന്നതെന്നും കുറ്റം പണം കടംവാങ്ങിയയാളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചതെന്നുമാണ് പൊലീസിന്‍റെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.