ന്യൂഡൽഹി: മുൻ എം.പി അതീഖ് അഹ്മദും സഹോദരൻ അശ്റഫും കൊല്ലപ്പെട്ട സംഭവം മുൻ സുപ്രീംകോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ സ്വതന്ത്ര കമീഷൻ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരി ഉൾപ്പെടെ നൽകിയ പരാതികളിൽ സുപ്രീംകോടതി ജൂലൈ 14ന് വാദം കേൾക്കും. ജസ്റ്റിസുമാരായ എസ്.ആർ ഭട്ട്, അരവിന്ദ് കുമാർ എന്നിവർക്ക് മുമ്പാകെ രണ്ടു പരാതികൾ എത്തിയപ്പോഴായിരുന്നു 14ന് വാദം കേൾക്കുമെന്ന് അറിയിച്ചത്.
സംഭവത്തിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞതായി ഉത്തർപ്രദേശ് സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ രോഹതഗി അറിയിച്ചു. ഇരുവരുടെയും വധത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ വിഷാൽ തിവാരി നൽകിയ പരാതി കേൾക്കവേ സുപ്രീംകോടതി ഏപ്രിൽ 28ന് നൽകിയ ഉത്തരവ് പ്രകാരമാണ് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, തൽസ്ഥിതി റിപ്പോർട്ട് വിവരങ്ങൾ മറച്ചുപിടിച്ച് തയാറാക്കിയതാണെന്ന് വിഷാൽ തിവാരി പറഞ്ഞു. 2017 മുതൽ സംസ്ഥാനത്ത് നടന്ന 183 പൊലീസ് ഏറ്റുമുട്ടൽ കൊലകളിൽ അന്വേഷണം ആവശ്യപ്പെട്ടും അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വസ്തുതകൾ മറച്ചുവെച്ചതിൽ അന്വേഷണത്തിന് അതീഖ് അഹ്മദിന്റെ സഹോദരി മറ്റൊരു പരാതിയും നൽകിയിരുന്നു. ഇതും ജൂലൈ 14ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
പൊലീസ് അകമ്പടിയിൽ വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നതിനിടെ ഏപ്രിൽ 15നാണ് പ്രയാഗ് രാജിൽവെച്ച് പോയന്റ് ബ്ലാങ്കിൽ അതീഖ് അഹ്മദിനെയും അശ്റഫിനെയും മൂന്നു പേർ വെടിവെച്ചു കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.