റായ്‌പൂർ: ഛത്തീസ്ഗഢിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് കൊടും ക്രൂരതയിൽ. ബി.ജെ.പി നേതാവും മുൻ ജൻപദ് പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിങ് (ലല്ല സിങ്) ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന എസ്.യു.വി വാഹനം ട്രക്കുകൾക്കിടയിൽ കുടുക്കി പെട്രോളൊഴിച്ച് തീവെക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി കൊറിയയിലെ നൗഗൈ ഗ്രാമത്തിലാണ് സംഭവം നടന്നത്. മണൽ ഖനനവുമായി ബന്ധപ്പെട്ട തർക്കം ഒത്തുതീർപ്പാക്കാൻ എത്തിയതായിരുന്നു ഭരത് സിങ്ങും സംഘവും. എന്നാൽ, അവിടെയെത്തിയ ഇവരെ പ്രതികൾ തന്ത്രപരമായി ഭാരത് സിങ്ങിനെയും സംഘത്തെയും കെണിയിൽപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. ഭരത് സിങ് സഞ്ചരിച്ചിരുന്ന എസ്.യു.വി വാഹനം മുന്നിലും പിന്നിലും ട്രക്കുകൾ ഉപയോഗിച്ച് തടയുകയും പിന്നീട് വാഹനത്തിന് തീവെക്കുകയുമായിരുന്നു.
ഭരത് സിങ് വാഹനത്തിനുള്ളിൽ വെച്ച് തന്നെ വെന്തുമരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന നാഗേന്ദ്ര സിങ്, വീരേന്ദ്ര സിങ് എന്നിവർ പിന്നീട് മരണത്തിന് കീഴടങ്ങി. വാഹനത്തിലുണ്ടായിരുന്ന മയങ്ക് സിങ് എന്നയാൾ ഗുരുതരാവസ്ഥയിൽ ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ബി.ജെ.പി നേതാവായ ഭരത് സിങ്ങും മറ്റൊരു ബി.ജെ.പി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മിൽ മാസങ്ങളായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മണൽ കടത്തും ഖനനമേഖലയിലെ സ്വാധീനവുമാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ശത്രുതക്ക് പ്രധാന കാരണം.
സംഭവത്തിൽ ഒമ്പത് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്ഷത് ത്രിപാഠി, വിശാൽ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി അന്വേഷ ഉദ്യോഗസ്ഥൻ അറിയിച്ചു. കൊലപാതകം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കേസിൽ ഉന്നതതല അന്വേഷണം വേണമെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് വിഷയത്തിൽ അടിയന്തര ഇടപെടൽ ഉറപ്പുനൽകുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.