ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഗാനവിവാദത്തിന് ഒടുവിൽ തമിഴ്‌നാട് നിയമസഭയിൽ പരിഹാരം. പതിറ്റാണ്ടുകളായി സംസ്ഥാനം പിന്തുടരുന്ന പരമ്പരാഗത പ്രോട്ടോക്കോൾ പാലിച്ച്, വ്യാഴാഴ്ച ചേർന്ന നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ചു. സമ്മേളനത്തിന്റെ ഒടുവിലാണ് ദേശീയഗാനം പ്ലേ ചെയ്തത്.
കഴിഞ്ഞ മെയ് 10-ന് നടന്ന മുഖ്യമന്ത്രി വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഈ ക്രമം തെറ്റിച്ചതിനെച്ചൊല്ലി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ വിവാദം പുകഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിൽ പഴയ പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്. തമിഴ്‌നാട്ടിലെ ഔദ്യോഗിക സർക്കാർ ചടങ്ങുകൾ 'തമിഴ് തായ് വാഴ്ത്ത്' പാടി തുടങ്ങുകയും ദേശീയഗാനത്തോടെ അവസാനിക്കുകയുമാണ് പതിവ്. എന്നാൽ മെയ് മാസത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം വന്ദേമാതരമാണ് ആദ്യം ആലപിച്ചത്. തമിഴ് ഔദ്യോഗിക ഗാനം മൂന്നാമതായാണ് ചടങ്ങിൽ ഉൾപ്പെടുത്തിയത്.
ഇതിനെതിരെ പ്രതിപക്ഷമായ ഡി.എം.കെയും ഭരണകക്ഷിയായ ടി.വി.കെ സഖ്യത്തിലെ പ്രധാന കക്ഷികളും കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു. തമിഴ് വികാരത്തെ മുറിപ്പെടുത്തുന്നതാണ് ഈ തീരുമാനമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ, വി.സി.കെ മേധാവി തോൽ തിരുമാവളവൻ, പി.എം.കെ സ്ഥാപകൻ എസ്. രാമദോസ് എന്നിവർ കുറ്റപ്പെടുത്തി. ഗവർണറുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വിജയ് സർക്കാർ പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി വിജയ് ബി.ജെ.പിയോട് അടുക്കുകയാണെന്നും ഡി.എം.കെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ ആരോപിച്ചിരുന്നു.
വിമർശനം ശക്തമായതോടെ ടി.വി.കെ നേതാവ് ആധവ് അർജുന വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തമിഴ്‌നാടിന് അനുയോജ്യമല്ലാത്ത ഈ മാറ്റത്തെ തങ്ങളും എതിർത്തിരുന്നുവെന്നും തമിഴ് തായ് വാഴ്ത്ത് മൂന്നാമതാക്കിയതിനെതിരെ രാജ്ഭവനെ പ്രതിഷേധം അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കേന്ദ്ര സർക്കാരിന്റെ പുതിയ സർക്കുലർ അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്നായിരുന്നു രാജ്ഭവന്റെ മറുപടി. നിയമസഭയിൽ തമിഴ്‌നാടിന്റെ തനത് പ്രോട്ടോക്കോൾ തന്നെ ആദ്യം നടപ്പിലാക്കി വിജയ് സർക്കാർ വിവാദങ്ങൾക്ക് താൽക്കാലികമായി വിരാമമിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.