ഗുവാഹത്തി: അസ്സമിലെ നാഗോൺ ജില്ലയിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാരോപിച്ച് വധശിക്ഷ വിധിച്ച യുവാവിനെ ഗുവഹാത്തി ഹൈകോടതി വെറുതെവിട്ടു. 2018 സെപ്റ്റംബറിൽ വധശിക്ഷക്ക് വിധിച്ച് എട്ട് വർഷം ജയിലിൽ കഴിഞ്ഞ യുവാവിന്റെ വിധി ഹൈകോടതി പൂർണമായും തള്ളിക്കളഞ്ഞു.
ചീഫ് ജസ്റ്റിസ് അശുതോഷ് കുമാർ, ജസ്റ്റിസ് അരുൺ ദേവ് ചൗധരി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ചത്. തെളിവുകളുടെ അഭാവത്തെ തുടർന്ന് നാഗോൺ സ്വദേശിയായ സാക്കിർ ഹുസൈനെ ഉടൻ തന്നെ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.
2018 മാർച്ചിൽ നാഗോൺ ജില്ലയിലെ ബടാദ്രവയിൽ നടന്ന സംഭവത്തിൽ ഒരു പെൺകുട്ടി പീഡനത്തിന് ഇരയാവുകയും തീ കൊളുത്തി കൊല്ലപ്പെടുകയുമായിരുന്നു. അന്ന് വലിയ പ്രതിഷേധങ്ങൾക്ക് ഈ സംഭവം വഴിവെച്ചിരുന്നു. സംഭവസമയത്ത് 19 വയസ്സുകാരനായിരുന്ന ഹുസൈനെ 2018 സെപ്റ്റംബറിൽ നാഗോൺ സെഷൻസ് കോടതി വധശിക്ഷക്കും പോക്സോ നിയമപ്രകാരം ജീവപര്യന്തം തടവിനും വിധിച്ചിരുന്നു.
കേസിലെ പ്രധാന തെളിവായി കീഴ്ക്കോടതി പരിഗണിച്ചത് ഇരയുടെ മരണമൊഴിയായിരുന്നു. എന്നാൽ തെളിവുകളിലെയും സാക്ഷിമൊഴികളിലെയും വൈരുദ്ധ്യങ്ങൾ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വ്യക്തമായി തുറന്നുകാട്ടി. പ്രതിയുടെ വീട്ടിൽ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ഭാഗങ്ങളിൽ മാരകമായി പരിക്കേൽപ്പിച്ചെന്നുമാണ് പ്രോസിക്യൂഷൻ ആരോപിച്ചത്. എന്നാൽ മെഡിക്കൽ റിപ്പോർട്ടുകളിൽ ഇത്തരം പരിക്കുകളൊന്നും കണ്ടെത്താനായില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
കൂടാതെ, മരണമൊഴി രേഖപ്പെടുത്തിയതിലെ സംശയങ്ങളും കോടതി പരിശോധിച്ചു. ശരീരത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്ന പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത് എങ്ങനെയാണെന്നും, അസമീസ് ഭാഷ അറിയാത്ത കുടുംബത്തിന്റെ മൊഴി അസമീസിൽ തന്നെ രേഖപ്പെടുത്തിയത് എങ്ങനെയാണെന്നും പ്രതിഭാഗം ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരുടെയും ഡോക്ടറുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങളും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു.
തുടർന്ന്, പ്രതിക്ക് മേൽ കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്ന് കണ്ട് ഹൈകോടതി ഹുസൈനെ കുറ്റവിമുക്തനാക്കുകയായിരുന്നു. വധശിക്ഷ പോലെയുള്ള കേസുകളിൽ തെളിവുകളുടെ വിശ്വാസ്യത എത്രത്തോളം പ്രധാനമാണെന്ന് ഈ വിധി ഓർമിപ്പിക്കുന്നുവെന്നും കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അമിക്കസ് ക്യൂറി അഡ്വക്കേറ്റ് സിയാവുൽ കമർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.