വിശാഖ
മുംബൈ: ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂരമായ പീഡനത്തിനൊടുവിൽ 26 കാരിയായ നവവധു ജീവനൊടുക്കി. വിവാഹം കഴിഞ്ഞ് 48 ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ക്രൂരത താങ്ങാതെ യുവതി ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥിൽ വിശാഖ തിൽക്കർ എന്ന 26 കാരിയാണ് യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഭർത്താവായ ഡോ. നിതിൻ തിൽക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 30നായിരുന്നു വിശാഖയും ഡോ. നിതിനും തമ്മിലുള്ള വിവാഹം. വിവാഹശേഷം വീട്ടുകാർ കൂടുതൽ സ്ത്രീധനവും സ്വർണ്ണാഭരണങ്ങളും ആവശ്യപ്പെട്ട് വിശാഖയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഭാര്യയുടെ ഓരോ ചലനവും നിരീക്ഷിക്കാനായി കിടപ്പ് മുറിയിലടക്കം ഭർത്താവ് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. വിശാഖ അയൽക്കാരുമായി സംസാരിക്കുന്നത് കണ്ടാൽ വീട്ടിലെത്തി ഭർത്താവ് ക്രൂരമായി മർദ്ദിക്കുമായിരുന്നെന്നും കുടുംബം പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് രണ്ടുദിവസം മുമ്പ്, അയൽക്കാരിയായ സ്ത്രീയോട് സംസാരിച്ചതിന്റെ പേരിൽ വിശാഖക്ക് ഭർത്താവിൽ നിന്ന് കടുത്ത മർദ്ദനമേറ്റിരുന്നു.
പീഡനം സഹിക്കാനാവാതെ വന്നതോടെ വിശാഖ ഇക്കാര്യം മാതാവിനെ അറിയിച്ചു. മകളെ സുരക്ഷിതമായി വീട്ടിലേക്ക് കൊണ്ടുവരാൻ മാതാപിതാക്കൾ ശ്രമിക്കുന്നതിനിടെയാണ് ആത്മഹത്യയുടെ വാർത്ത പുറത്തുവന്നത്. വിശാഖയുടെ കുടുംബത്തിന്റെ പരാതിയിൽ ശിവജിനഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ അറസ്റ്റ് ചെയ്ത പൊലീസ്, ഒളിവിൽ പോയ ഭർതൃമാതാവ് ഛായ തിൽക്കർ, സഹോദരൻ നിനദ് തിൽക്കർ എന്നിവർക്കായി തിരച്ചിൽ ഊർജിതമാക്കി.
(ശ്രദ്ധിക്കുക: ജീവിതത്തിൽ ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ പ്രശ്നങ്ങളിൽ വിദഗ്ധരുടെ സഹായം തേടുക. Toll free helpline number: 1056, 0471-2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.