ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചു, ആശങ്കകൾ പരിഹരിച്ചില്ല; ടെലിഗ്രാമിനെതിരെ കേന്ദ്രം ഡൽഹി ഹൈകോടതിയിൽ

ന്യൂഡൽഹി: ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി 2026 പുനഃപരീക്ഷക്ക് മുന്നോടിയായി ടെലിഗ്രാമിന്റെ പ്രവർത്തനം താൽക്കാലികമായി തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരായ നിയമപോരാട്ടം തുടരുന്നു. ആശങ്കകൾ പരിഹരിക്കുന്നതിൽ ടെലിഗ്രാം പരാജയപ്പെട്ടുവെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈകോടതിയെ അറിയിക്കുമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി തുടർച്ചയായ മുന്നറിയിപ്പുകൾ നൽകിയിട്ടും ടെലിഗ്രാം അധികൃതരിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് കേന്ദ്രം കോടതിയെ അറിയിക്കും. സംശയകരമായ ചാനലുകളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നതിലും ഡാറ്റ കൈമാറുന്നതിലും പ്ലാറ്റ്‌ഫോം വീഴ്ച വരുത്തിയതാണ് പ്രധാന ആശങ്കകളിലൊന്ന്.

ബുധനാഴ്ച നടന്ന വാദത്തിനിടെ ഐ.ടി നിയമത്തിലെ സെക്ഷൻ 69എ പ്രകാരമാണ് തടയൽ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നും മേയ് മാസം മുതൽ ടെലിഗ്രാമുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ കൈവശമുള്ള തെളിവുകൾ ‘ഞെട്ടിപ്പിക്കുന്നതാണെന്നും’ തുഷാർ മേത്ത കൂട്ടിച്ചേർത്തു. ബ്ലോക്ക് ചെയ്ത ചാനലുകൾ വീണ്ടും രൂപപ്പെടുന്ന സാഹചര്യം ഉണ്ടായെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

അതേസമയം, കേന്ദ്രത്തിന്റെ നടപടി ഏകപക്ഷീയവും ആനുപാതികമല്ലാത്തതുമാണെന്നാണ് ടെലിഗ്രാമിന്റെ വാദം. അധികൃതർ ചൂണ്ടിക്കാണിച്ച ചാനലുകൾക്കെതിരെ തങ്ങൾ നടപടിയെടുത്തിട്ടുണ്ടെന്നും, സർക്കാർ നടപടി ലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുന്ന ഒരു സമ്പൂർണ്ണ നിരോധനത്തിന് തുല്യമാണെന്നും ടെലിഗ്രാമിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ധ്രുവ് മേത്ത കോടതിയിൽ വ്യക്തമാക്കി.

ടെലിഗ്രാമിന്റെ ഹരജിയിൽ ഡൽഹി ഹൈകോടതി നോട്ടീസ് അയക്കുകയും കേന്ദ്രസർക്കാരിനോട് മറുപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സർക്കാർ തെളിവുകളും രേഖകളും കോടതിയിൽ സമർപ്പിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കും. 

Tags:    
News Summary - Telegram Ignored Repeated Warnings, Failed To Address Key Concerns: Centre To Tell Delhi Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.