ഹിമന്ത ബിശ്വ ശർമ

ഗായകൻ സുബീൻ ഗാർഗിന്റെ മരണം കൊലപാതകം; അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത

ദിസ്പുർ: സിംഗപ്പൂരിൽ ഗായകൻ സുബീൻ ഗാർഗിന്റെ മരണം ആകസ്മികമല്ലെന്നും അതൊരു കൊലപാതകമാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ആദ്യ ദിവസം മുതൽ തന്നെ അതൊരു കൊലപാതക കേസായിരുന്നു. പ്രതികളായ ശ്യാംകാനു മഹന്ത, സിദ്ധാർഥ് ശർമ, അമൃത്പ്രവ മഹന്ത, ശേഖർ ജ്യോതി ഗോസ്വാമി എന്നിവർ കൊലപാതക കേസിൽ അകത്തായിരിക്കുകയാണ്. ഞങ്ങളുടെ വികാരങ്ങൾ സുബീനോടൊപ്പമാണ്. അതുകൊണ്ടാണ് തങ്ങൾ സുബീൻ ഗാർഗിന്റെ കൊലപാതകം അന്വേഷിക്കുന്നതെന്നും ചൊവ്വാഴ്ച അസം നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ ഹിമന്ത പറഞ്ഞു.

2025 സെപ്റ്റംബർ 19 ന് സിംഗപ്പൂരിൽ നീന്തുന്നതിനിടെ സുബീൻ ഗാർഗ് മരിച്ചു എന്നാണ് പുറംലോകമറിഞ്ഞത്. മരണത്തിന് തൊട്ടുപിറകെ എന്തോ കുഴപ്പമുണ്ടെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ ബി.എൻ.എസ് (ഭാരതീയ ന്യായ സംഹിത) വകുപ്പുകൾ 61 (ക്രിമിനൽ ഗൂഢാലോചന), 105 (കുറ്റകരമായ നരഹത്യ), 106 (അവിവേകവും അശ്രദ്ധയും മൂലം മരണത്തിന് കാരണമാകൽ) എന്നിവ പ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. മരണത്തെ ‘കൊലപാതകം’ എന്ന് വിളിച്ചതിന്റെ കാരണം വിശദീകരിച്ച് ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ആദ്യഘട്ടത്തിൽ അസം പൊലീസിന് ഇത് വ്യക്തവും ലളിതവുമായ കൊലപാതകമാണെന്ന് ഉറപ്പായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് രണ്ട് ദിവസത്തിനുള്ളിൽ, കൊലപാതകമാണെന്ന് അസം സർക്കാർ കോടതിയെ അറിയിച്ചത്, കൂടാതെ സെക്ഷൻ 103 (കൊലപാതകത്തിനുള്ള ശിക്ഷ) ചേർക്കാൻ ആവശ്യപ്പെട്ടിരുന്നതായും ശർമ പറഞ്ഞു.

നിങ്ങൾക്കറിയാവുന്നതുപോലെ, ഒരു വിദേശ രാജ്യത്ത് എന്തെങ്കിലും സംഭവം നടന്നാൽ, ബി.എൻ.എസിന്റെ സെക്ഷൻ 208 പ്രകാരം, പ്രോസിക്യൂഷൻ ഏജൻസി ആഭ്യന്തര മന്ത്രാലയത്തിന്റെയോ കേന്ദ്ര സർക്കാരിന്റെയോ മുൻകൂർ അനുമതി വാങ്ങണം. ആ അനുമതിയില്ലാതെ, കോടതി ഈ വിഷയം പരിഗണിക്കില്ല, ഇന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ വിഷയത്തിൽ അനുമതി നൽകിയിട്ടുണ്ട്. 10 മുതൽ 15 ദിവസത്തിനുള്ളിൽ ഞങ്ങൾ അന്വേഷണം പൂർത്തിയാക്കും. ഡിസംബർ 10 ന് മുമ്പ് കുറ്റപത്രം സമർപ്പിക്കും.

Tags:    
News Summary - Assam CM Himanta Biswa Sarkar calls singer Subeen Garg's death a murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.