ഐ.സി.യുവിൽ ഷൂ ഇട്ട ലഖ്നോ മേയറെ തടഞ്ഞു, പിന്നാലെ ആശുപത്രി പൊളിക്കാൻ ജെ.സി.ബി

ലഖ്‌നോ: ആശുപത്രി ഐ.സി.യുവിൽ രോഗി​യെ സന്ദർശിക്കാൻ എത്തിയ ലഖ്നോ മേയറോട് ഷൂ അഴിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടതിനെ തുടർന്ന് വിവാദം. ബി.ജെ.പി ഉത്തർപ്രദേശ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും ലഖ്‌നോ സിറ്റി നഗരസഭ മേയറുമായ സുഷമ ഖരക്‌വാളിനോടാണ് ഷൂ അഴിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാൻ കൂട്ടാക്കാതെ മേയർ ആശുപത്രി അധികൃതരുമായി രൂക്ഷമായ വാക്കേറ്റത്തിൽ ഏർപ്പെട്ടു. ഇതിന് പിന്നാലെ, ആശുപത്രിക്ക് പുറത്ത് നോട്ടീസ് പതിച്ച നഗരസഭ അധികൃതർ, ആശുപത്രി പൊളിക്കാൻ ജെ.സി.ബിയുമായെത്തി.

സംഗതി ​കൈവിട്ടതോടെ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സ്ഥിതിഗതികൾ ശാന്തമായത്. തിങ്കളാഴ്ച ലഖ്‌നൗവിലെ താനാ ബിജ്‌നൗറിലെ സ്വകാര്യ ആശുപത്രിയായ വിനായക് മെഡികെയറിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ(ഐ.സി.യു) ചികിത്സയിലായിരുന്ന വിരമിച്ച സൈനികനായ സുരൻ കുമാറിനെ സന്ദർശിക്കാനാണ് മേയർ ആശുപത്രിയിലെത്തിയത്. മേയറും സഹപ്രവർത്തകരും ഷൂ ധരിച്ച് ഐ.സി.യുവിലേക്ക് കടക്കാൻ ശ്രമിച്ചത് ജീവനക്കാർ തടഞ്ഞു. ഇതിന് പിന്നാലെയാണ് ആശുപത്രി പൊളിക്കാൻ ജെ.സി.ബി അയച്ചത്.

എന്നാൽ, ജീവനക്കാരും സിറ്റി മേയറും തമ്മിലും തർക്കം നടന്നുവെന്നത് തെറ്റായ വാർത്തയാണെന്ന് വിനായക് മെഡികെയർ ആശുപത്രി ഡയറക്ടർ മുദ്രിക സിങ് പറഞ്ഞു. ‘മേയർ ആശുപത്രിയിലെത്തുകയും ഡോക്ടർമാരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. ഒരു തർക്കവും ഉണ്ടായിട്ടില്ല. മേയറും ഡോക്ടർമാരും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. ഈ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്. അത് പ്രചരിപ്പിക്കാൻ പാടില്ല’ -സിങ് പറഞ്ഞു.

Tags:    
News Summary - Asked to remove shoes outside ICU, Lucknow mayor calls bulldozer at hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.