ന്യൂഡൽഹി: തന്റെ ത്രിരാഷ്ട്ര പര്യടനത്തിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ്. ഇത്തരം സന്ദർശനങ്ങൾ വരുമ്പോൾ അദ്ദേഹത്തിന് നല്ല ഊർജവും ആവേശവും ഉത്സാഹവും ഉണ്ടെന്നും എന്നാൽ, മണിപ്പൂരിന്റെ കാര്യത്തിൽ ഒരു സഹതാപവും ഇല്ലെന്ന തരത്തിലായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ പരാമർശം.
കലാപം കൊടുമ്പിരി കൊണ്ടിട്ടും മണിപ്പൂർ സന്ദർശിക്കാതിരുന്ന മോദിയുടെ സമീപനത്തെയാണ് ഇതിലൂടെ ഉന്നമിട്ടത്. 2023 മെയ് മുതൽ മോദിയുടെ 35-ാമത്തെ വിദേശ യാത്രയാണിതെന്നും മണിപ്പൂരിനോട് ഇങ്ങനെ ഭയാനകമായ രീതിയിൽ പെരുമാറിയത് പ്രധാനമന്ത്രിയുടെ ദൈന്യതയാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
‘2023 മെയ് മുതൽ മിസ്റ്റർ മോദിയുടെ 35-ാമത്തെ വിദേശ യാത്രയാണിത്. അത്തരം സന്ദർശനങ്ങൾക്കുള്ള എല്ലാ ഊർജവും ആവേശവും ഉത്സാഹവും -3 ‘ഇ’കൾ- അദ്ദേഹത്തിനുണ്ട്. എന്നാൽ ജനങ്ങളുടെ ദുരിതവും വേദനയും കഷ്ടപ്പാടും അണയാതെ തുടരുന്ന മണിപ്പൂരിലേക്ക് പോകുന്നതിന് അദ്ദേഹത്തിന് നാലാമത്തെ ‘ഇ’-സഹാനുഭൂതി- ഉണ്ടാക്കാൻ കഴിയില്ലേ? 2023 മെയ് 3 മുതൽ സംസ്ഥാനത്തുനിന്നുള്ള ആരെയും, രാഷ്ട്രീയ നേതാക്കളെ പോലും അദ്ദേഹം കണ്ടിട്ടില്ല. മണിപ്പൂരിനോട് ഇത്രയും മോശമായ രീതിയിൽ പെരുമാറുന്നത് പ്രധാനമന്ത്രിയുടെ ദൈന്യതയാണ് കാണിക്കുന്നത്’- ‘എക്സി’ലെ പോസ്റ്റിൽ രമേശ് കൂട്ടിച്ചേർത്തു.
ഞായറാഴ്ച രാവിലെയാണ് സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലേക്ക് മോദി പര്യടനത്തിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.