അരവിന്ദ് കെജ്‌രിവാൾ

കെജ്‌രിവാൾ രാജ്യസഭയിലേക്ക്?; എത്തുക പഞ്ചാബിൽ നിന്ന്

ന്യൂഡൽഹി: ഡൽഹിയിലെ കനത്ത പരാജയത്തിന് ശേഷം ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ രാജ്യസഭയിലേക്കെന്ന് സൂചന. ലുധിയാന വെസ്റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാജ്യസഭാംഗം സഞ്ജീവ് അറോറയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് പാർട്ടി അധ്യക്ഷനും ഡൽഹി മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ രാജ്യസഭയിലെത്തുമെന്ന അഭ്യൂഹം ശക്തമാകുന്നത്.

ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അറോറക്ക് രാജ്യസഭാംഗത്വം രാജിവെക്കേണ്ടി വരും. സഞ്ജീവ് അറോറക്ക് പകരം കെജ്‌രിവാൾ രാജ്യസഭയിലെത്താനാണ് സാധ്യത. എ.എ.പി എം.എൽ.എയായ ഗുർപ്രീത് ഗോഗി തോക്ക് വൃത്തിയാകുന്നതിനിടെ അബദ്ധവശാൽ വെടിയുതിർന്ന് മരിച്ചതിനെതുടർന്നാണ് ലുധിയാന വെസ്റ്റിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ കെജ്രിവാളിന്‍റെ രാജ്യസഭാ പ്രവേശന വാർത്തകൾ എ.എ.പി തള്ളി. എന്നാൽ ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. പരാജയത്തിന് ശേഷം കെജ്രിവാൾ രാജ്യസഭ സീറ്റ് ല‍ക്ഷ്യം വെക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

സഞ്ജീവ് അറോറ, പഥക്, രാഘവ് ഛദ്ദ, മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്, അശോക് മിത്തൽ, പരിസ്ഥിതി പ്രവർത്തകൻ ബൽബീർ സിങ് സീചെവാൾ, വ്യവസായി വിക്രംജിത് സിങ് എന്നിങ്ങനെ പഞ്ചാബിൽ നിന്ന് എ.എ.പിക്ക് രാജ്യസഭയിൽ ഏഴ് അംഗങ്ങളാണ് ഉള്ളത്. 

Tags:    
News Summary - Arvind Kejriwal to enter Rajya Sabha? AAP fields MP Sanjiv Arora for Ludhiana West assembly bypoll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.