ഇറ്റാനഗർ: അരുണാചൽ പ്രദേശിലുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും നാല് പേർ മരിക്കുകയും രണ്ട് സൈനിക ഷെൽട്ടറുകൾ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം അരുണാചൽ പ്രദേശിലെ ദിബാംഗ് വാലി ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിലും, അപ്പർ സുബാൻസിരി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിലുമാണ് വൻ ദുരന്തം സംഭവിച്ചത്. റോഡ് നിർമാണ സൈറ്റിലുണ്ടായ ഉരുൾപൊട്ടലിലാണ് നാല് പേർ മരിച്ചത്.
വൻതോതിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് നിരവധി തൊഴിലാളികൾ മണ്ണിനടിയിൽപെട്ടിരിക്കുകയാണ്. സംഭവത്തിൽ തടു ബകി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവരാണ് മരിച്ചത്. ബാബുൽ അലിയുടെ മൃതദേഹം ഇതിനോടകം കണ്ടെടുത്തിട്ടുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ ഓഫീസർ വ്യക്തമാക്കി.
അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. നാച്ചോ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും, ദാപോരിജോയിൽ നിന്നുള്ള ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടാതെ രക്ഷാപ്രവർത്തനങ്ങൾക്ക് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിന്റെ (എസ്.ഡി.ആർ.എഫ്) പ്രത്യേക സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.
ദിബാംഗ് വാലി ജില്ലയിലെ പസു പാനി ആർമി ക്യാമ്പിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയും മിന്നൽ പ്രളയവുമാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്. അഞ്ചാം ഗ്രനേഡിയറുടെ രണ്ട് ഷെൽട്ടറുകൾ പ്രളയത്തിൽ പൂർണമായും ഒഴുക്കുവെള്ളത്തിൽ പെട്ട് തകർന്നു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് സൈനികരാണ് വെള്ളത്തിൽ അകപ്പെട്ടത്. ഇതിൽ രണ്ട് പേരെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും, അഞ്ച് സൈനികരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
ഹവിൽദാർ ഉപേന്ദർ, സൈനികരായ കുന്ദൻ, വിനോദ്, ആദിത്യ, സമുന്ദ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഇവരെ കണ്ടെത്താനായി തിരച്ചിൽ-രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഐ.ടി.ബി.പിയുടെ 58-ാം ബറ്റാലിയൻ, ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിന്റെ 62 ആർ.സി.സി, പ്രാദേശിക സന്നദ്ധപ്രവർത്തകർ, അരുണാചൽ പ്രദേശ് പൊലീസ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിട്ടുണ്ട്. കൂടാതെ, രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ പാസിഘട്ടിൽ നിന്നുള്ള എസ്.ഡി.ആർ.എഫ് സംഘവും അനിനിയിലേക്ക് തിരിച്ചു കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.